ആരോഗ്യവകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായി

0
126

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിലധികം പ്രധാന ഫയലുകള്‍ കാണാതായി. മരുന്നുവാങ്ങല്‍ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായിരിക്കുന്നത്. സെക്ഷന്‍ ക്ലര്‍ക്കുമാരാണ് ഇക്കാര്യം ഉന്നതാധികാരികളെ അറിയിച്ചത്. ജീവനക്കാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫയലുകള്‍ കണ്ടെത്താനായില്ല.കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ കാണാതായിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കന്റോണ്‍മെന്റ് പോലീസില്‍ പരാതി ലഭിച്ചത് ഒരു മാസം മുമ്പാണ്. എന്നാല്‍ ഫയലുകള്‍ മോഷണം പോകാനുള്ള സാഹചര്യമില്ലെന്ന് പോലീസ് അന്നുതന്നെ വിലയിരുത്തിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഫയലുകള്‍ കണ്ടെത്തേണ്ടത് ഉദ്യോഗസ്ഥര്‍ തന്നെയെന്നും പോലീസ് വ്യക്തമാക്കി.നഷ്ടമായ ഫയലുകള്‍ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിനെ അറിയിച്ചത്.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്ന് ക്ലര്‍ക്കുമാര്‍ പൊലീസിനെ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ അലമാരകളിലും ഷെല്‍ഫിലും സൂക്ഷിച്ചിരുന്ന അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായിരിക്കുന്നത്.

Leave a Reply