പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും അന്വേഷിക്കാതെ ആരോഗ്യവകുപ്പിന്റെ അലംഭാവം. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല.
പട്ടികളുടെ ആക്രമണം കൂടുന്നതും പേവിഷ വാക്‌സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും ആശങ്കയേറ്റെടുത്തത്. വാക്‌സിനെ പിന്തുണച്ച് സംസാരിച്ച ആരോഗ്യമന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം അഭിനന്ദിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രി ആവശ്യപ്പെട്ട അന്വേഷണം ഇതുവരെ ആരോഗ്യവകുപ്പ് തുടങ്ങിയില്ല. വാക്‌സിനെക്കുറിച്ചുള്ള പരിശോധന ദുരൂഹസാഹചര്യത്തിലെ മരണങ്ങളുടെ അന്വേഷണത്തോടൊപ്പം നടത്തുമെന്നായിരുന്നു അന്ന് ആരോഗ്യവകുപ്പിൻറെ വിശദീകരണം. പക്ഷെ ആ അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല
കഴിഞ്ഞ 26നാണ് ആരോഗ്യമന്ത്രി വിദഗ്ദസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ടെന്നായിരുന്നു നിർദേശം. പ്രഖ്യാപനം വന്നിട്ട് 9 ദിവസമാകുന്നു. സമിതിയിലാരൊക്കെ, അന്വേഷണ പരിധിയിൽ വരുന്നതെന്തൊക്കെ, അന്വേഷണമെങ്ങനെ. ഒന്നിനും രൂപമായിട്ടില്ല. വിദഗ്ദരെ കണ്ടെത്തി സമിതി ഉണ്ടാക്കി കുറ്റമറ്റ സംവിധാനമാക്കുവാനാണ് സമയമെടുക്കുന്നത് എന്നാണ് ന്യായീകരണം. പേവിഷ വാക്‌സിനെടുത്തിട്ടും 5 പേർ മരിച്ചതിൽ, വാക്‌സിൻ ഗുണനിലവാരം വില്ലനായിട്ടില്ലെന്നാണ് ഇപ്പോഴും സർക്കാർ വിശദീകരിക്കുന്നത്. വാക്‌സിൻ ഫലപ്രാപ്തിയെ തടയും വിധം മുഖത്തും കഴുത്തിലും ചുണ്ടുകളിലുമൊക്കെ കടിയേറ്റവരാണ് മിക്കവരുമെന്നാണ് വിശദീകരിക്കുന്നത്.