Pravasimalayaly

ഒമാനിൽ കനത്ത മഴ; ഒരു മരണം, നിരവധി പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത് നഗരത്തില്‍ കനത്ത മഴ. ഒരു വിദേശി മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലും ചെറിയ മഴ ലഭിച്ചു.
ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് അപ്രതീക്ഷിത മഴ എത്തിയത്. പുലര്‍ച്ചെയോടെ മഴ ശക്തമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മത്ര വിലായത്തിലെ ജിബ്രൂവില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്ന വിദേശിയാണ് മരിച്ചത്. ഇദ്ദേഹത്തെ വാഹനത്തിനുള്ളില്‍നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരണം സംഭവിക്കുകകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മറ്റെരാളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

ഗുബ്രയില്‍ വാദിയില്‍ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളെയും വിദേശിളെയും ഉള്‍പ്പെടെ അഞ്ചുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് രക്ഷിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മത്രമേഖലയില്‍ നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു.
ഈ മേഖലയില്‍ നിന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയ 30 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടര്‍ന്ന് അസൈബ- ഗൂബ്ര റോഡ് താത്കാലികമായി അടച്ചു. ബൗശര്‍ – ആമിറാത്ത് റോഡിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

Exit mobile version