കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
രഹസ്യമൊഴിയില്‍ തന്നെക്കുറിച്ചു ചില പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകര്‍പ്പിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 6, 7 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്ന നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറിയിരുന്നു.