കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണം വൈകുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയായി കണക്കാക്കുമെന്ന് കോടതി വിലയിരുത്തി.
മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയിലാണ് ഇന്ന് അന്തിമ വാദം നടന്നത്. മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിചാരണയില്‍ ഇത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദത്തെ അനുകൂലിക്കുന്ന നിലപാടാണ് നടി സ്വീകരിച്ചത്. കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാകില്ലെന്ന് നടി കോടതിയെ ധരിപ്പിച്ചു. നടിയുടെ ആവശ്യം വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു ദിലീപിന്റെ വാദം.
മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം നിരാകരിച്ച വിചാരണ കോടതി നടപടി പുനഃപരിശോധിക്കണമെന്നും നടി ആവശ്യപ്പെട്ടു. തുടരന്വേഷണത്തില്‍ അത്തരത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്നും നടി പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയാല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.