പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എല്ലാ ജില്ലാ മജിസ്ട്രേറ്റ് കോടതികളോടും നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ മജിസ്ട്രേറ്റുമാര്‍ക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ സംസ്ഥാനത്തെ എല്ലാ കേസിലും പ്രതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ കോടതിയിലും പോയി അദ്ദേഹം ജാമ്യമെടുക്കട്ടെയെന്നും കോടതി പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണഘടന അത് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അത് മിന്നല്‍ ഹര്‍ത്താലിനുള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളോ, സംഘടനകളോ അറിയാതെ സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുണ്ടാകില്ല. പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ പ്രത്യാഘാതം നേരിടണം.
ആരാണോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്, അവര്‍ അതുമൂലം പൊതു ഖജനാവിനും സ്വകാര്യ സ്വത്തുവകകള്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടത്തിന് ഉത്തരവാദികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയവ വന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട് കേരളത്തിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്ന് അഞ്ചുകോടി ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈ തുക ഈടാക്കി നല്‍കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു.