Pravasimalayaly

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണം: ഹൈക്കോടതി 

കൊച്ചി:  ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വത്തിനു കൈമാറണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. 

നിലവില്‍ പൊലീസാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. എന്നാല്‍ ഇനി അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പൊലീസ് നിയന്ത്രണം ഏറ്റെടുത്താല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. വെര്‍ച്വല്‍ ക്യൂ സൈറ്റിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണം. ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണ് ശബരിമലയില്‍ ഉളളതെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇതിനുള്ള അധികാരം എന്നു ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം ഉയര്‍ത്തിയത്. 

ക്ഷേത്ര കാര്യങ്ങളില്‍  സര്‍ക്കാരിന്റേയും പൊലീസിന്റെയും പങ്ക് എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോര്‍ഡിനാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുള്ളത് എന്നാണ് കോടതി നിലപാട്. 

അതേസമയം, വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ ദുരുദ്ദേശം ഇല്ലെന്നും സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നിരിക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.  2011 മുതല്‍ നിലനില്‍ക്കുന്ന വെര്‍ച്വല്‍ ക്യു സംവിധാനത്തെ കുറിച്ച്  കാര്യമായ പരാതികളില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

Exit mobile version