Saturday, November 23, 2024
HomeNewsKeralaഷോപ്പിങ് മാളുകള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധം: ഹൈക്കോടതി

ഷോപ്പിങ് മാളുകള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധം: ഹൈക്കോടതി

ഷോപ്പിങ് മാളുകള്‍ ഉപഭോക്താക്കളില്‍നിന്നു പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇത് അനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ആളുകളില്‍നിന്നു പണം ഈടാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് എതിരായ ഹര്‍ജിയിലാണ് നിരീക്ഷണം

ബില്‍ഡിങ് ചട്ടം അനുസരിച്ച് മാളിനു പാര്‍ക്കിങ് ഫീസ് പിരിക്കാനാവുമോയെന്നതില്‍ നിലപാട് അറിയിക്കാന്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് കോടതി ആരാഞ്ഞിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ മുന്‍സിപ്പാലിറ്റി കൂടുതല്‍ സമയം ആരാഞ്ഞു. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരെ ബോസ്‌കോ ലൂയിസ്, പോളി വടക്കന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാര്‍ മാളില്‍ വരാത്തവര്‍ ആണെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും ലുലുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതൊരു പൊതുതാത്പര്യ വിഷയമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കേസില്‍ കക്ഷി ചേരാനുള്ള ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷന്റെ ഹര്‍ജി കോടതി അനുവദിച്ചു. ഈ കേസില്‍ കോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷം രാജ്യത്ത് പലയിടത്തും മാളുകളില്‍ എത്തുന്നവര്‍ പാര്‍ക്കിങ് ഫീസ് നല്‍കാന്‍ വിസമ്മതിക്കുന്നതായി അസോസിയേഷന്റെ അഭിഭാഷകന്‍ പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ച് ഏതു കെട്ടിടത്തിനും ആവശ്യമായ പാര്‍ക്കിങ്  ഏരിയ ഉണ്ടായിരിക്കണമെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പാര്‍ക്കിങ് ഏരിയ കെട്ടിടത്തിന്റെ ഭാഗമാണ്. അവിടെ ഫീസ് പിരിക്കാന്‍ ഉടമയ്ക്കാവില്ലെന്നാണ്, പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments