സിപി ഐ എം സെമിനാറിൽ പങ്കെടുത്തതിൽ ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കെ വി തോമസ്. വിശദീകരണത്തിന്റെ ആവശ്യകതയില്ല. താൻ അച്ചടക്കം ലംഘിച്ചിട്ടില്ല. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാടെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു. കെ.വി തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
സിപിഐ എം പാർട്ടി കോൺഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. തന്നെ കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തി. വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തൻ്റെ നിലപാട്. കെ.സുധാകരൻ കോൺഗ്രസ് ആയത് ഇപ്പോഴാണെന്നും തന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ലംഘിക്കേണ്ടി വന്നതെന്നും കെ.വി.തോമസ് പറഞ്ഞു.
അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞിരുന്നു.