Pravasimalayaly

ഇനി ആശുപത്രികളില്‍ ചികിത്സച്ചെലവുകള്‍ പ്രദര്‍ശിപ്പിക്കണം; നിയമം കര്‍ശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

ആശുപത്രികള്‍ ചികിത്സച്ചെലവുകള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിയമം കര്‍ശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തില്‍ കോവിഡ് പരിശോധനകളുടെ ഫീസ് നിരക്കായിരിക്കും പ്രദര്‍ശിപ്പിക്കുക. പിന്നീട് മറ്റ് എല്ലാ ചികിത്സാനിരക്കുകളും പ്രദര്‍ശിപ്പിക്കുമെന്നും പറയുന്നു.

തൃശ്ശൂര്‍ വേലൂപ്പാടത്തെ സുരേഷ് ചെമ്മനാടന്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതര്‍ ഈ വിവരം പറഞ്ഞിരിക്കുന്നത്. രണ്ടരവര്‍ഷത്തോളം മുമ്പാണ് ചികിത്സച്ചെലവുകള്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരേ സുരേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്.

2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കണം. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളോ ക്ലിനിക്കുകളോ ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കാറില്ല. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് ബോര്‍ഡുകള്‍ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.

ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍പോലും മുന്‍കൂട്ടി അറിയാന്‍ സംവിധാനമില്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുരേഷ് ആരോഗ്യവകുപ്പിനയച്ച കത്തില്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയകളുടേത് ഉള്‍പ്പെടെയുള്ള ഫീസ് പ്രദര്‍ശിപ്പിക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version