Pravasimalayaly

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്; പുതിയ മാർഗനിർദേശം പുറത്തിറക്കി

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുത് എന്ന് ഉത്തരവിൽ പറയുന്നു. സേവന നിരക്കുകള്‍ ഈടാക്കുന്ന ഹോട്ടലുകള്‍/ റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1915-ല്‍ പരാതി നല്‍കാമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു. കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ മന്ത്രാലയം അഥവാ സിസിപിഎയുടേതാണ് നിർണായക ഉത്തരവ്. രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഇനി മുതല്‍ ബില്ലിനോടൊപ്പം സർവീസ് ചാർജ് ഈടാക്കരുത്. സർവീസ് ചാർജ് നല്‍കിയില്ല എന്ന കാരണത്താൽ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകൾക്കാകില്ല. അധിക സർവീസ് ചാർജ് ബില്ലിനൊപ്പം ഈടാക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണെന്നും ഉപഭോക്ത സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ആ‍ഡംബര ഹോട്ടലുകളടക്കം സ‍ർവീസ് ചാർജിന്‍റെ പേരില്‍ ഉപഭോക്താവില്‍നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവിലുണ്ട്. ഇതടക്കം പുതുക്കിയ മാർഗനിർദേശവും സിസിപിഎ പുറത്തിറക്കിയിട്ടുണ്ട്.

Exit mobile version