Wednesday, November 27, 2024
HomeNewsKeralaയുവ അഭിഭാഷകയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

യുവ അഭിഭാഷകയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ്  അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന്‍ ആരോപണമുന്നയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം  കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനമാണ് ഏല്‍ക്കുന്നത്. ചായക്ക് കടുപ്പം കൂടിയതിന്‍റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവിലായിരുന്നു.

അറസ്റ്റിലായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. വലിയ രീതിയിലുള്ള പീഡനത്തിന്‍റെ സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും. ജോലിയുടെ കാര്യത്തിലുള്ള പ്രശ്നങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാല്‍ പോകാന്‍ കണ്ണന്‍ നായര്‍ സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments