Pravasimalayaly

സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ദൃശ്യവിസ്മയം ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ ദേശീയ പതാകയുടെ നിറത്തിൽ ദൃശ്യവിസ്മയം ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്. ലൈറ്റ് ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചത്. 

തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്.

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് കൂടിയതോടെ കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയർത്തിയിരുന്നു. ഇതിനാലാണ് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൽ ലൈറ്റ് പതിപ്പിക്കാനായത്. 

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

Exit mobile version