വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ എറണാകുളത്തെ ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക.
ഇടുക്കി അണക്കെട്ടില്‍ നിന്നുള്ളതിന്നൊ പുറമെ, ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശിച്ചു.
അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍ ഡി ആര്‍ എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ ഡാമുകള്‍ ഇന്നലെ തുറന്നതോടെ പമ്പയില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.