ഇടുക്കി ഡാം തുറന്നു; ചെറുതോണിയില്‍ അവലോകന യോഗം; കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

0
294

ഇടുക്കി/ആലപ്പുഴ:

പമ്പ, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനു പിന്നാലെ ഇടുക്കി ഡാമിന്റെ ഷട്ടറുകളും തുറന്നു. അഞ്ച ഷട്ടറുകള്‍ ഉള്ള ഡാമില്‍ രാവിലെ 11നാണ് മൂന്ന് ഷട്ടറുകള്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ ആണ് ആദ്യം തുറന്നത്. 35 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തുക. അര മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും.

സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ എന്ന നിലയിലാണ് വെള്ളം ഒഴുകുന്നത്. അഞ്ച് മിനിറ്റിനകം വെള്ളം ചെറുതോണി പാലത്തിലെത്തും.പുതിയ പാലം പണിയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 10.50 ഓടെ സൈറണ്‍ മുഴക്കി. ഡാം തുറക്കുന്നതിനു മുന്നോടിയായി മന്ത്രിമാര്‍ അടക്കുമുള്ളവര്‍ ചെറുതോണിയില്‍ അവലോകന യോഗം ചേര്‍ന്നു. ഡാം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരവധിപേരാണ് കാത്തുനില്‍ക്കുന്നത്. സുരക്ഷിത ഇടങ്ങളിലാണ് ഇവരെ നിര്‍ത്തിയിരിക്കുന്നത്. വാഹന ഗതാഗതവും നിരോധിച്ചിട്ടില്ല. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇത് നാലാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. 1981, 1992, 2018 വര്‍ഷങ്ങളിലായിരുന്നു മുന്‍പ് തുറന്നത്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചാണ് ഡാം തുറക്കുകയെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഇടുക്കിയില്‍ നിന്നുള്ള വെള്ളം വൈകിട്ട് നാലു മണിയോടെ പെരിയാര്‍ വഴി ആലുവ, കാലടി എന്നിവിടങ്ങളില്‍ എത്തും. ഇടമലയാറില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ടിലെത്തി. ഉച്ചയോടെ വെള്ളം കാലടി, ആലുവ മേഖലയിലെത്തും.

പമ്പയില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെ കുട്ടനാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കി. തോട്ടപ്പള്ളി സ്പില്‍വേയിലെ 39 ഷട്ടറുകളും തുറന്നു. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.

കണ്ണൂര്‍, കേരള സര്‍കലാശാലകള്‍ നടത്താനിരുന്ന ശനിയാഴ്ച വരെയുള്ള പരീക്ഷകള്‍ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.

Leave a Reply