Pravasimalayaly

രാജമല പെട്ടിമുടിയിലെ തിരച്ചിൽ താത്കാലികമായി നിർത്തി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ തെരച്ചിൽ താത്കാലികമായി നിർത്തി.

ഇടുക്കി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ തെരച്ചിൽ താത്കാലികമായി നിർത്തി. പെട്ടിമുടിയിൽ നിന്ന് ദൗത്യസംഘം മടങ്ങും. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് ജില്ലഭരണകൂടം അറിയിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

18 ദിവസത്തെ തെരച്ചിലിന് ശേഷമാണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിലെ പരിശോധന താത്കാലികമായി നിർത്തിയത്. പതിനെട്ടാം ദിവസം പെട്ടിമുടിയിൽ നിന്ന് 14 കിലോമീറ്റർ മാറി വനത്തിൽ പുഴയോട് ചേർന്നുള്ള ഭൂതക്കുഴി മേഖലയിലായിരുന്നു തെരച്ചിൽ. ദൗത്യസംഘത്തിലെ വിദഗ്ധരായ 30 പേർ ഡ്രോൺ, റഡാർ എന്നിവടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് അർദ്ധരാത്രിയിലാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായത്. നാല് ലയങ്ങളിലെ 36 വീടുകൾ പൂർണമായും തകർന്നു. 82 പേർ അപകടത്തിൽപ്പെട്ടു. ഇതിൽ 12 പേർ രക്ഷപ്പെട്ടു. 65 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചിൽ താത്കാലികമായി നിർത്തിയതോടെ എൻഡിആ‍ർഎഫിന്‍റെ രണ്ട് സംഘങ്ങളും ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും മടങ്ങും. ഒരാഴ്ചക്ക് ശേഷം മഴ കുറഞ്ഞ് കന്നിയാറിലെ ജലനിരപ്പ് താഴ്ന്നാൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരിക്കൽ കൂടി തെരയാനാണ് ജില്ലഭരണകൂടത്തിന്റെ തീരുമാനം.

Exit mobile version