രാജ്യാന്തര ചലച്ചിത്ര മേള; രജിസ്ട്രേഷൻ 26 മുതൽ

0
39

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്ട്രേഷൻ ഈ മാസം 26 മുതൽ ആരംഭിക്കും. 26ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. 

മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർത്ഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 

കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവന ശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു .എഫ്എഫ്കെയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ മധ്യ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതോടെ കൂടുതൽ പ്രേക്ഷകർക്ക് ഏറ്റവും പുതിയ ലോക സിനിമകൾ തിയേറ്ററിൽ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മാർച്ച് 18 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 26ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിർവഹിക്കും. എട്ട് ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

Leave a Reply