27ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാവും. വൈകുന്നേരം 3.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിക്കും. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംവിധായികയാണ് മഹ്നാസ്.
ഉദ്ഘാടന ചടങ്ങിന് ശേഷം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ കച്ചേരിയുണ്ടാവും. ടോറി ആന്റ് ലോകിത ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യയില്‍ ആദ്യമായാണ് ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ഥികളാണ് ഒരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ടോറി ആന്റി ലോകിത.
70 രാജ്യങ്ങളില്‍ നിന്നായുള്ള 186 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്രമേള. ലോക സിനിമാ വിഭാഗത്തില്‍ 78 സിനിമകളും രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.50 വര്‍ഷത്തിലെത്തി നില്‍ക്കുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം ഉണ്ടാവും. 20 ലക്ഷം രൂപയാണ് സുവര്‍ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് ലഭിക്കുക. രജത ചകോരം ലഭിക്കുന്ന സംവിധായകന് നാല് ലക്ഷം രൂപയും.