ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

0
28

ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. സസ്പെൻഷനിലിരിക്കെ പത്രസമ്മേളനം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയാണ് നടപടി.

ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് കെപിസിസി കുഞ്ഞുമോനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. നേരത്തെ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തുനിന്നും നീക്കിയിരുന്നു

നേതാക്കളുടെ പെട്ടി ചുമക്കുന്നതും സമ്പന്നതയുമാണ് കോൺഗ്രസിൽ സ്ഥാനമാനങ്ങൾക്കുള്ള മാനദണ്ഡമെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സജീവ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 95 സീറ്റിൽ 23 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 73 സീറ്റിലും തോറ്റു. എന്നിട്ടും അമ്പലപ്പുഴ മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്തം തലയിൽ കെട്ടിവച്ചുള്ള നടപടി കാലങ്ങളായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

തെരഞ്ഞെടുപ്പിൽ തോറ്റ മുൻ ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇദ്ദേഹം ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിച്ചതായി അറിയില്ല. ചാനൽ ചർച്ചയിലല്ലാതെ മറ്റെല്ലാ രംഗത്തും കഴിവുകേട് തെളിയിച്ചയാളാണ് പരാതിക്കാരൻ. അദ്ദേഹം പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് കോൺഗ്രസ് ഇല്ലാതായി. ബൂത്ത് കമ്മിറ്റികൾ പോലും തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് തട്ടിക്കൂട്ടിയെടുത്ത് ‘ഇന്ധനം’ നൽകി പ്രവർത്തിപ്പിക്കുകയായിരുന്നു.

കായംകുളത്തേക്ക് പുറപ്പെട്ട മുൻ ഡിസിസി പ്രസിഡന്റ് ജി സുധാകരൻ മൽസരിക്കുന്നില്ലെന്നറിഞ്ഞ് തിരികെ വന്ന് അമ്പലപ്പുഴയിൽ സ്ഥാനാർഥിയായി. കോൺഗ്രസ് പ്രവർത്തകരിൽ ഇത് പ്രതിഷേധം ഉയർത്തി. ന്യൂനപക്ഷങ്ങളും കോൺഗ്രസിനെ കൈവിട്ടു. ഒരു നേതാവിനും ന്യൂനപക്ഷങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ കഴിഞ്ഞില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മുനിസിപ്പൽ കൗൺസിൽ അംഗത്വം രാജിവയ്ക്കും. തിരിച്ചറിവായ കാലം മുതൽ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും ആറു തവണ കൗൺസിലറായിട്ടും നേതൃത്വം നീതി കാട്ടിയില്ല. ഇന്നലെ വന്ന സമ്പന്നന് നാലു വർഷവും തനിക്ക് ഒരു വർഷവും ചെയർമാൻ സ്ഥാനം നൽകാൻ തീരുമാനിച്ചു. ഒരു വർഷം കിട്ടിയത് പോലും കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടത്തിലൂടെയായിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കാൻ ഉന്നതനായ കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റും ചേർന്ന് പുന്നമടയിലെ റിസോർട്ടിൽ യോഗം ചേർന്നു. കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് താൻ ഇറങ്ങി പോന്നു. ഷാനിമോൾ തോറ്റ ശേഷം രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുടെ പേരിൽ നടപടിയെടുത്ത് നേതൃത്വം തലയൂരി. ഗ്രൂപ്പില്ലാത്ത ഒരാൾക്കും കോൺഗ്രസിൽ സ്ഥാനമില്ല. പുതിയ തലമുറയിലെ ഒരാളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നില്ല. കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ നിരാശരാണ്. തെരഞ്ഞെടുപ്പ് പരാജയ കാരണം വസ്തുതാപരമായി വിലയിരുത്താൻ പോലും തയാറാക്കുന്നില്ലെന്നും കുഞ്ഞുമോൻ പറഞ്ഞു.

അതെസമയം, ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. സസ്പെൻഷനിലിരിക്കെ പത്രസമ്മേളനം നടത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസമാണ് കുഞ്ഞുമോനെ സസ്പെൻഡ് ചെയ്തത്

Leave a Reply