Pravasimalayaly

അതിവേഗ നടപടി കോണ്‍ഗ്രസിനെ രക്ഷിക്കുമോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പായി സംഘടനയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങൾ ഫലവത്താകുമോ. ഈ മാസം 26ന് ബൂത്ത് കമ്മിറ്റികള്‍ പുന: സംഘടിപ്പിക്കും. പിന്നാലെ മണ്ഡലം കമ്മിറ്റി പുനസംഘടന. ഗാന്ധി രക്തസാക്ഷിത്വദിനമായ 30 ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി മൂന്നു മേഖലാ യോഗങ്ങള്‍ നടത്തും. തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് യോഗം. ഓരോ മേഖലയുടെയും ചുമതലയുള്ള എഐസിസി സെക്രട്ടറി പങ്കെടുക്കും. പിന്നീട് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പങ്കെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഗ്രൂപ്പ് പരിഗണനകള്‍ മാറ്റി വച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സന്ദേശമാണ് എഐസിസി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമായി നേതൃതലത്തിലേക്ക് എത്തണമെന്നും ധാരണയായിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സംഘടനയില്‍ അഴിച്ചുപണി ഉണ്ടാകില്ലെങ്കിലും ജില്ലാതലത്തില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ മാറ്റം വരുത്തും. ഇതെല്ലാം ഉടനടി ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിലയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. വിജയസാധ്യത തന്നെയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന പരിഗണന.
വിവാദവിഷയങ്ങളിലൊന്നും ചര്‍ച്ചകള്‍ ഉണ്ടായില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതിനിടെ സഭാതര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് ആവശ്യപ്പെട്ടു.

Exit mobile version