പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാഷനല്‍ അസംബ്ലി ഇന്നു പരിഗണിക്കും. പാക് സമയം രാവിലെ പതിനൊന്നിനാണ് സഭ ചേരുക. പരിഗണിക്കുന്ന വിഷയങ്ങളില്‍ അവിശ്വാസവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു.
342 അംഗ നാഷനല്‍ അസംബ്ലിയില്‍ അവിശ്വാസത്തില്‍നിന്നു രക്ഷനേടാന്‍ ഇമ്രാന്‍ ഖാന് 172 പേരുടെ പിന്തുണ വേണം. കണക്കുകളില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫില്‍നിന്നു തന്നെ നല്ലൊരു വിഭാഗം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷികളും അവിശ്വാസത്തെ അനുകൂലിക്കുന്നുണ്ട്.
അവിശ്വാസ പ്രമേയം വോട്ടിടാതെ സഭ പിരിയാനുള്ള നീക്കമുണ്ടായാല്‍ എന്തു ചെയ്യണം എന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ഇന്നു രാവിലെ വീണ്ടും പ്രതിപക്ഷം യോഗം ചേരുന്നുണ്ട്.
നാഷനല്‍ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിക്ക് 155 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളായ എംക്യുഎം-പിക്ക് ഏഴ്, പിഎംഎല്‍-ക്യുവിന് അഞ്ച്, ബിഎപിക്ക് അഞ്ച്, ജിഡിഎയ്ക്ക് മൂന്ന് എന്നിങ്ങനെയാണ് അംഗബലം. ആകെ 179 അംഗങ്ങളാണ് സഖ്യത്തിലുള്ളത്.
സ്വന്തം പാര്‍ട്ടിയിലെ 20 അംഗങ്ങള്‍ക്കു പുറമേ എംക്യുഎം-പി, പിഎംഎല്‍-ക്യു, ബിഎപി എന്നിവ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത് ഇമ്രാന് തിരിച്ചടിയായി. സഖ്യകക്ഷികളെ അനുനയിപ്പിക്കാന്‍ ഇമ്രാന്‍ നടത്തിയ അവസാന വട്ട ശ്രമങ്ങളും വിജയം കണ്ടിട്ടില്ല.