Saturday, November 23, 2024
HomeNewsKeralaഇമ്രാന്‍ ഖാന്‍ പുറത്തേക്ക്; സഭയിലെത്താതെ ഭരണപക്ഷം, വോട്ടെടുപ്പ് നീട്ടാന്‍ ശ്രമം

ഇമ്രാന്‍ ഖാന്‍ പുറത്തേക്ക്; സഭയിലെത്താതെ ഭരണപക്ഷം, വോട്ടെടുപ്പ് നീട്ടാന്‍ ശ്രമം

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് ഇന്ന് നിര്‍ണായകം. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാക് ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യുകയാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ദേശീയ അസംബ്ലി ഇന്ന് വിളിച്ചു ചേര്‍ത്തത്. വിശ്വാസ വോട്ടെടുപ്പ് ചർച്ചയിൽ നിന്ന് ഭരണപക്ഷം വിട്ടുനിന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അസംബ്ലിയിലെത്തിയില്ല. 

അതേസമയം പ്രതിപക്ഷ എംപിമാരും നേതാക്കളും രാവിലെ തന്നെ പാര്‍ലമെന്റിലെത്തി. 176 എംപിമാരാണ് അസംബ്ലിയിലെത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയിലെ വിമത എംപിമാരും സഭയിലെത്തിയിട്ടുണ്ട്.  സ്പീക്കര്‍ ആസാദ് ക്വയ്‌സറിന്റെ അധ്യക്ഷതയിലാണ് ദേശീയ അസംബ്ലി ചേര്‍ന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം സൂരിയും സഭയിലുണ്ട്. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

അവിശ്വാസപ്രമേയത്തിന് മുന്നോടിയായി പാകിസ്ഥാനില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് നടന്നത്. ഇമ്രാന്‍ ഖാന്‍ അടിയന്തരമന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തു. സര്‍ക്കാരിനെതിരെ വിദേശഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഇമ്രാന്‍ ഖാന്‍ ജനകീയപ്രക്ഷോഭത്തിനും ആഹ്വാനം നല്‍കിയിരുന്നു. സഭ ചേര്‍ന്നയുടന്‍ വിദേശഗൂഢാലോചന ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ ആസാദ് ക്വയ്‌സര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സുപ്രീംകോടതി ഉത്തരവ് സഭയില്‍ വായിച്ച പ്രതിപക്ഷ നേതാവ് ഷാഹബാസ് ഷരീഫ്, കോടതി ഉത്തരവ് പാലിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും നിയമത്തിനുമൊപ്പം നില്‍ക്കാനും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. വിദേശ ഗൂഢാലോചന ആവര്‍ത്തിച്ച വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി, അവിശ്വാസം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് ഭരണഘടനാ അവകാശം ഉള്ളതുപോലെ, അത് എതിര്‍ക്കാന്‍ സര്‍ക്കാരിനും അവകാശമുണ്ടെന്ന് പറഞ്ഞു. 

വാദപ്രതിവാദത്തിനിടെ സ്പീക്കര്‍ ആസാദ് ക്വയ്‌സര്‍ അസംബ്ലി 12.30 വരെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണാല്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments