അണക്കര മേഖലയിൽ പുലിയുടെ സാനിധ്യമെന്ന് സൂചന

0
24

കുമളി: ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും അണക്കര മേഖലയിൽ പുലിയുടെ സാന്നിധ്യം എന്ന് സംശയം. അണക്കരക്ക് സമീപം വീടിനോടു ചേർന്ന് കൂട്ടിനുള്ളിൽ ഉണ്ടായിരുന്ന ഏഴ് മുയലുകളെ ആണ് അജ്ഞാതജീവി ഭക്ഷിച്ചത്. ഇതിനു സമീപം മറ്റൊരു വീട്ടിൽനിന്നും മുയലിനെ കൊന്ന് ഭക്ഷിച്ചതായും പുലിയുടെ കാൽപാടും കഴിഞ്ഞദിവസം കാണപ്പെട്ടിരുന്നു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചക്കുപള്ളം പഞ്ചായത്ത് ആറാം വാർഡിൽ പെട്ട അണക്കര ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ വീടിനോട് ചേർന്ന് ഉള്ള കൂട്ടിൽനിന്നും ആണ് ഏഴ് മുയലുകളെ കഴിഞ്ഞ രാത്രി പുലി എന്ന് സംശയിക്കപ്പെടുന്ന ജീവി കൊന്ന് ഭക്ഷിച്ചത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ചക്കുപള്ളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിന് സമീപത്ത് നിന്നും കഴിഞ്ഞ ദിവസം മുയലിനെ കൊന്ന് ഭക്ഷിക്കുകയും മുയൽക്കൂടിന് സമീപത്ത് പുലിയുടെ കാൽപാട് കാണപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തിരുന്നു. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുയലിനെ പിടിച്ചത് പൂച്ചപ്പുലി ആകാൻ സാധ്യതയുള്ളതായി വീട്ടുകാരെ അറിയിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങുകയാണ് ചെയ്തത്. ചെല്ലാർകോവിൽ, ആറാം മൈൽ മേഖലകളിൽ തുടർച്ചയായി കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്. ആട്, പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ ധാരാളമായുള്ള ഈ മേഖലയിൽ വന്യജീവി ശല്യം പതിവായതോടെ ആളുകൾ ഏറെ ഭീതിയിലാണ് കഴിയുന്നത്. അടിയന്തരമായി വനംവകുപ്പ് അധികൃതർ ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുകയും കെണി സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Leave a Reply