പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഉറപ്പിച്ചു; നാലാമത്തെ സീറ്റ് പൂഞ്ഞാറോ?
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് അവരുടെ തട്ടകമായ കോട്ടയം ജില്ലയില്‍ പരമാവധി നാലു സീറ്റ് വരെ നല്കിയേക്കും. ഇത്തരത്തിലാണ് മുന്നണിയില്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. പാലാ , കാഞ്ഞിരപ്പള്ളി, കടുത്തരുത്തി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനെന്ന് ഉറപ്പിച്ചു. ഇതിനു പിന്നാലെ പൂഞ്ഞാര്‍ സീറ്റുകൂടി നല്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫിലായിരുന്നപ്പോള്‍ മാണിവിഭാഗം മത്സരിച്ചുവന്നത് ആറു സീറ്റിലായിരുന്നു. ഇതില്‍ ഏറ്റുമാനൂര്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്്. ഇക്കുറി ജില്ലാ സെക്രട്ടറി കൂടിയായ വി.എന്‍ വാസവനെ ഏറ്റുമാനൂരില്‍ നിന്ന് മത്സരിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ ജില്ലയിലെ ഒട്ടുമിക്ക നേതാക്കളുടേയും താത്പര്യം. അങ്ങനെയെങ്കില്‍ ആ സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിക്കില്ല. മറ്റൊരു മണ്ഡലമായ ചങ്ങനാശേരിയില്‍ ജനാധിപത്യകേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാവും മത്സരിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ ഡോ.കെ.സി ജോസഫിനായിരിക്കും അവസരം ലഭിക്കുക. ഇതിനിടയില്‍ പാലാ സീറ്റിനെ ചൊല്ലിയുള്ള കലാപം എന്‍സിപി അതിശക്തമാക്കിയിരിക്കയാണ്. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെടുത്തി ദേശീയ തലത്തില്‍ സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താനുള്ള നീക്കവുമുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍കേരളാ കോണ്‍ഗ്രസിന് നാലാമത് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുള്ളത് പൂഞ്ഞാര്‍ മാത്രമാണ്.