Pravasimalayaly

എല്‍ഡിഎഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്നു മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സംസ്ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മന:പൂര്‍വ്വം മറച്ചുവയ്ക്കുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്ന്  ധവളപത്രം ഇറക്കിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ് കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളിവിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടിയായിരുന്നു. അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 1,57,000 കോടിയായി. അഞ്ചുകൊല്ലം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 78,327 കോടി മാത്രമാണ് കടമെടുത്തത്. ഇക്കാലയളവില്‍ സമാനതകളില്ലാത്ത വികസനം കേരളത്തില്‍ നടന്നു. കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കാരുണ്യ തുടങ്ങിയവയും അധിക ഇന്ധന നികുതിയില്‍ ഇളവ് ഉള്‍പ്പെടെ ഒട്ടേറെ ഗുണഫലവും ജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3,20,468 കോടിയായി. മാര്‍ച്ചില്‍ മാത്രം 8000 കോടിയാണ് സര്‍ക്കാര്‍ കടമെടുത്തത്. അതുകൂടിയാകുമ്പോള്‍ ആകെ കടബാധ്യത 3.28 ലക്ഷം കോടിയാകും. ഇതിനെല്ലാം പുറമെയാണ് കിഫ്ബിയെടുത്ത 12,000 കോടിയുടെ കടം. ചുരുക്കത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടബാധ്യത. മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല. അത് മന:പൂര്‍വ്വം വൈകിപ്പിക്കുന്നത് മാര്‍ച്ച് മാസത്തേക്കൂടി ചേര്‍ത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി ഏപ്രില്‍ ആദ്യവാരം നല്‍കാനാണ്. സാമൂഹ്യക്ഷേമ പെന്‍ഷനെ വോട്ടിന് മാത്രമായിട്ടാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന് തെളിവാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.  

Exit mobile version