Pravasimalayaly

തമ്പാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ്; കെഎസ്ആര്‍ടിസിയും സപ്ലൈകോയും കൈ കോര്‍ക്കുന്നു

തിരുവനന്തപുരം; പൊതുജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്ക് ആരംഭിക്കുന്നു. നിലവില്‍ സോണല്‍ എക്‌സിക്യൂട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുക. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സോണല്‍ ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനേയും , ഈ കെട്ടിടത്തേയും വേര്‍ തിരിക്കുന്ന കൂറ്റന്‍ മതില്‍ പൊളിച്ച് സൗകര്യപ്രദമായ രീതിയില്‍ പ്രവേശനം ഒരുക്കും. സപ്ലൈകോക്ക് വാടകയ്ക്കാണ് കെഎസ്ആര്‍ടിസി കെട്ടിടം നല്‍കുക. തമ്പാനൂര്‍ സ്റ്റാന്റിനകത്തെ പമ്പ്, റോഡ് സൈഡിലേക്ക് മാറ്റി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് കൂടെ പെട്രോള്‍ , ഡീസല്‍ എന്നിവ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ചിങ്ങം 1 ന് തന്നെ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനാണ് ശ്രമമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. തമ്പാനൂര്‍ എത്തുന്ന യാത്രാക്കാര്‍ക്ക് കൂടുതല്‍ ഫലപ്രദമായ രീതിയിലാകും സൗകര്യങ്ങള്‍ ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ നിലവിലെ സൗകര്യങ്ങള്‍ നോക്കി കാണുകയും ചെയ്തു.ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി, സിഎംഡിയുമായ ബിജുപ്രഭാകര്‍ ഐഎഎസും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു

Exit mobile version