73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം

0
34

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയിലും 73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസ‍ൃതമായാണ് ന്യൂഡല്‍ഹിയില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നത്. റിപ്പബ്ലിക്ക് ഡെ പരേഡില്‍ പങ്കെടുക്കുന്നവര്‍ വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശമുണ്ട്. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമാകാന്‍ കഴിയില്ല.

രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശിയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പത്തരയോടെയാകും രാജ് പഥില്‍ റിപ്പബ്ലിക്ക് ഡെ പരേഡ് ആരംഭിക്കുക. ഇത്തവണ വിശിഷ്ടാതിഥി ഇല്ല. കോവിഡ് സാഹചര്യത്തില്‍ കാണികളുടെ എണ്ണം പരമാവധി കുറച്ചാണ് ആഘോഷപരിപാടികള്‍. 21 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിക്കും.

റിപ്പബ്ലിക്ക് ദിനാഘോഷം നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളെല്ലാം അടച്ചു. പൊലീസ് പരിശോധനയും ശക്തമാക്കി. 27,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഇന്നലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. ബിപിന്‍ റാവത്തിന് പുറമെ പ്രഭ ആത്രേ, രാധേഷ്യാം ഖേംക, കല്യാണ്‍ സിങ് എന്നിവരേയും പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. പ്രഭ ആത്രേ ഒഴികെ മൂന്ന് പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നല്‍കുന്നത്.

നാല് മലയാളികള്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. ശോശമ്മ ഐപ്പിന് പുരസ്കാരം ലഭിച്ചു. സാഹിത്യ വിഭാഗത്തില്‍ കവിയും നിരൂപകനുമായ നാരായണക്കുറുപ്പും പുരസ്കാരാര്‍ഹനായി. കെ. വി. റബിയ (സാമൂഹ്യ പ്രവര്‍ത്തനം), ശങ്കരനാരായണ മേനോന്‍ ചൂണ്ടയില്‍ (കായികം) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 107 പേരെയാണ് പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്.

Leave a Reply