Sunday, November 24, 2024
HomeLatest Newsയുക്രൈനിലെ സ്ഥിതി സങ്കീര്‍ണം; ഒഴിപ്പിക്കല്‍ നാല് രാജ്യങ്ങള്‍ വഴി; രക്ഷാദൗത്യത്തിനായി പ്രത്യേക സംഘങ്ങളെ അയച്ചു

യുക്രൈനിലെ സ്ഥിതി സങ്കീര്‍ണം; ഒഴിപ്പിക്കല്‍ നാല് രാജ്യങ്ങള്‍ വഴി; രക്ഷാദൗത്യത്തിനായി പ്രത്യേക സംഘങ്ങളെ അയച്ചു

ന്യുഡല്‍ഹി: റഷ്യന്‍ സൈന്യം യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിലെ സ്ഥിതി സങ്കീര്‍ണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗ്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഉടന്‍ സംസാരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുക്രൈനിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഇന്ത്യക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രഥമ പരിഗണനയെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞതായി ശ്രിംഗ്ല പറഞ്ഞു. 

യുക്രൈനിലെ ഉയര്‍ന്നുവരുന്ന സാഹചര്യം നേരിടാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ശ്രിംഗ്ല കൂട്ടിച്ചേര്‍ത്തു. ‘ഒരു മാസം മുമ്പ് തന്നെ  യുക്രെയ്‌നില്‍ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ 20,000 ഇന്ത്യന്‍ പൗരന്മാര്‍ അവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 4,000 ഇന്ത്യക്കാര്‍ അവിടെനിന്നും മടങ്ങിയതായും അദ്ദേഹം പറഞ്ഞു.

യുക്രൈനിലുള്ള ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്,  സ്ലോവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ എത്തിക്കും അതിന് ശേഷം രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുക്രൈനിന്റെ അതിര്‍ത്തി രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments