Saturday, November 23, 2024
HomeHEALTHകുരങ്ങുപനി: വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം; യാത്രക്കാര്‍ക്ക് പനി കണ്ടാല്‍ നിരീക്ഷണത്തിലേക്ക് മാറ്റണം

കുരങ്ങുപനി: വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം; യാത്രക്കാര്‍ക്ക് പനി കണ്ടാല്‍ നിരീക്ഷണത്തിലേക്ക് മാറ്റണം

ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി ( മങ്കിപോക്‌സ്) പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിര്‍ദേശം. 

രോഗബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പനി കണ്ടാല്‍ നിരീക്ഷണത്തിലേക്ക് മാറ്റണം. രോഗബാധിതരെന്ന് സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയക്കണം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെയെല്ലാം കര്‍ശന തെര്‍മല്‍ സ്‌കാനിങ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വിദേശത്തു നിന്നെത്തുന്നവര്‍ 21 ദിവസത്തിനുള്ളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ പോയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. 

12 രാജ്യങ്ങളിലായി 130 ലേറെപ്പേര്‍ക്കാണ് ഇതുവരെ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോ​ഗബാധിതരുടെ എണ്ണം നൂറുകടന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, അമേരിക്ക, സ്വീഡന്‍, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, തുടങ്ങിയ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചു.

വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments