ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 578 റൺസെടുത്തു. എട്ടിന് 555 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 578 എന്ന നിലയിൽ മാത്രമേ ഇന്നിംഗ്സ് അവസാനിപ്പിക്കുവാൻ കഴിഞ്ഞുള്ളു.
ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിനും ബൂംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇശാന്ത് ശർമയും ശഹബാസ് നദീമും രണ്ട് വിക്കറ്റെടുത്തു.
നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ടിന്‍റെ (218) മികവിലാണ് ഇംഗ്ലണ്ട് വലിയ സ്‌കോർ പടുത്തുയർത്തിയത്. 100ാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ താരമാണ് റൂട്ട്.
2011ന് ശേഷം സ്വന്തം മണ്ണിൽൽ ഇതാദ്യമായാണ് ഇന്ത്യ ഇന്നിങ്സില്‍ 550ന് മുകളില്‍ വഴങ്ങുന്നത്.
കൂറ്റൻ സ്‌കോർ പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓപണർ രോഹിത് ശർമ വെറും ആറ് റൺസ് മാത്രം ചേർത്ത് മടങ്ങി. ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റിന് പിന്നിൽ ജോസ് ബട്ലർക്ക് പിടി നൽകുകയായിരുന്നു. അഞ്ച് ഓവർ കഴിഞ്ഞപ്പോൾ ഒന്നിന് 22 റൺസെന്ന നിലയിലാണ് ഇന്ത്യ. 13 റൺസുമായി ശുഭ്മാൻ ഗില്ലും മൂന്ന് റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.