Monday, November 25, 2024
HomeNewsധവാന്‍ തുടക്കമിട്ടു; മിന്നും പ്രകടനവുമായി കിഷനും പൃഥ്വി ഷായും; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ധവാന്‍ തുടക്കമിട്ടു; മിന്നും പ്രകടനവുമായി കിഷനും പൃഥ്വി ഷായും; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കൊളംബോ: മുന്നില്‍ നിന്നു ധവാന്‍ നയിച്ചു.മിന്നും പ്രകടനവുമായി  കിഷനും പൃഥ്വി ഷായും ഒപ്പം ചെര്‍ന്നതോടെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ബാറ്റിംഗില്‍ ഒരു പഴുതും നല്‍കാതെ ശ്രീലങ്കയെ തച്ചുടച്ച് അനായാസ വിജയവുമായി ടീം ഇന്ത്യ. പൃഥ്വി ഷായുടെ വെടിക്കെട്ട് കണ്ടപ്പോള്‍ തന്നെ ശ്രീലങ്ക നടുങ്ങി. ഷാ ് 24 പന്തില്‍ നിന്ന് നേടിയത് 43 റണ്‍സ്. ധവാന്‍ മറുഭാഗത്ത് നങ്കൂരമിട്ടപ്പോള്‍ ഷായ്ക്ക് പിന്നാലെയെത്തിയ അരങ്ങേറ്റക്കാരന്‍ ഇഷന്‍ കിഷനും വെടിക്കെട്ട് നടത്തി. പിറന്നാള്‍ ദിനത്തില്‍ ഏകദിനത്തിലെ ആദ്യമത്സരത്തില്‍ അര്‍ധശതകം. 42 പന്തില്‍ നിന്ന് നേടിയത് 59 റണ്‍സ്.

യുവതാരങ്ങള്‍ അരങ്ങ് വാണപ്പോള്‍ ധവാന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 95 പന്തില്‍ നിന്ന് 86 റണ്‍സ് നേടി ധവാന്‍ പുറത്താവാതെ നിന്നു. 20 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ വിജയം അനായാസമാക്കി. മനീഷ് പാണ്ഡെ 26 റണ്‍സ് നേടി. 7 വിക്കറ്റിനാണ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയം.
ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബോളിങ് നിര മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്‌കോര്‍ നേടി ശ്രീലങ്ക. 9 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് ലങ്ക നേടിയത്. 35 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ചമിക കരുണരത്‌നെയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ദസുന്‍ ശനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ തുടങ്ങിയവരും ലങ്കന്‍ നിരയില്‍ തിളങ്ങി. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ ടീമും ലങ്കന്‍ ടീമും യുവനിരയെയാണ് പരീക്ഷിക്കുന്നത്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്.
പ്രധാന താരങ്ങളുടെ പരിക്കും സസ്‌പെന്‍ഷനുമെല്ലാം ശ്രീലങ്കക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പുതിയ നായകന്‍ ദാസുന്‍ ശനകയുടെ നേതൃത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്. കുശാല്‍ പെരേര പരിക്കേറ്റ് പിന്മാറിയതോടെയാണ് ശനകയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനുമാണ് അരങ്ങേറുന്നത്. സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കുല്‍ചാ സഖ്യം തിരിച്ചെത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments