കോയമ്പത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി വിവരം. സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് യുദ്ധ മുന്നണിയില്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സായി നികേഷിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതല്‍ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ ഫോറിന്‍ ലീജിയന്‍ എന്നാണ് യുക്രൈന്‍ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്‌ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്.