Pravasimalayaly

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം. 67-ാം മിനിട്ടിൽ ഫിജിതാരം റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാനാവാത്തതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനമത്സരത്തിൽ കളിക്കുന്നത്. ആദ്യ 30 മിനിട്ടിൽ കാര്യമായ ഷോട്ടുകളൊന്നും ഉതിർക്കാൻ ഇരുടീമുകൾക്കും സാധിച്ചിട്ടില്ല. 30-ാം മിനിട്ടിൽ തന്നെ എ.ടി.കെയ്ക്ക് ആദ്യ പകരക്കാരനെ ഇറക്കേണ്ടി വന്നു. പരിക്കേറ്റ് പുറത്തായ സൂസായ്രാജിന് പകരം ശുഭാശിഷ് ബോസ് കളിക്കളത്തിലെത്തി. 33-ാം മിനിട്ടിൽ മികച്ച അവസരം എ.ടി.കെയുടെ റോയ് കൃഷ്ണയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെ അതിമനോഹരമായ ഒരു ക്ലിയറൻസ് നടത്തി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം കോസ്റ്റ കൈയടി നേടി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഋത്വിക് ദാസിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അത് വലയിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല. 41-ാം മിനിട്ടിൽ എ.ടി.കെയുടെ എഡു ഗാർസിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഈ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡാണ് ഗാർസിയയ്ക്ക് ലഭിച്ചത്. ഇതിനുപിന്നാലെ കിട്ടിയ ഫ്രീകിക്ക് വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ ഫോർമേഷനിൽ ചെറിയ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ പ്രതിരോധത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചതെങ്കിൽ രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്സ് അഴിച്ചുവിട്ടത്. 49-ാം മിനിട്ടിൽ ജെസെലിന്റെ അത്യുഗ്രൻ പാസ്സിൽ നിന്നും ഗോൾ നേടാൻ സഹലിന് സാധിച്ചില്ല. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഷോട്ടുതിർക്കാനുള്ള സഹലിന്റെ ശ്രമം അമ്പേ പാളി. ബകാരി കോനെയും കോസ്റ്റയും ചേർന്ന് മികച്ച പ്രതിരോധവും ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ചു. ഇരുവർക്കും മുന്നിൽ എ.ടി.കെയുടെ മുന്നേറ്റ താരങ്ങൾ കീഴടങ്ങുകയായിരുന്നു. 60-ാം മിനിട്ടിൽ നവോറത്തിന് പകരം സെത്യസെൻ സിങ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകരക്കാരനായി ഇറങ്ങി. 62-ാം മിനിട്ടിൽ കൊൽക്കത്ത രണ്ടാം സബ്ബിനെ ഇറക്കി. പ്രണോയ് ഹാൽദറിന് പകരം മുന്നേറ്റതാരം മൻവീർ സിങ്ങ് കളിക്കാനിറങ്ങി. 65-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചെങ്കിലും സെത്യസെൻ സിങ്ങിന് അത് ഗോളാക്കി മാറ്റാനായില്ല. 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് റോയ് കൃഷ്ണ എ.ടി.കെയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടി. പ്രതിരോധപ്പിഴവിൽ നിന്നുമാണ് ഫിജി താരം ഗോൾ നേടിയത്. പിന്നാലെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ സിഡോയ്ക്ക് പകരം ജോർദാൻ മുറെയെയും ഋത്വിക് ദാസിന് പകരം ഖൗൽഹ്രിങ്ങിനെയും സഹലിന് പകരം ലാൽറുവതാറെയെയും കോനെയ്ക്ക് പകരം ഫകുണ്ടോ പെരേരയെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. കളിക്കാനിറങ്ങിയതിനുപിന്നാലെ ഫകുണ്ടൊ പെരേരയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. ഗോൾ വഴങ്ങിയ ശേഷം പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഗോൾ നേടാനായില്ല.

Exit mobile version