ടോക്കിയോ: ഒളിംപിക് ഹോക്കിയിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം.. ക്വാർട്ടറിൽ ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത് . ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ ചരിത്രവിജയം . 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയ്ക്കുവേണ്ടി വിജയഗോൾ നേടിയത് . മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം മറികടക്കാനായില്ല. പുറത്താകലിന്റെ വക്കിൽനിന്നു നോക്കൗട്ട് ഘട്ടത്തിലെത്തിയതിന്റെ ആത്മവിശ്വാസത്തിൽ കളിച്ച ഇന്ത്യ, പൂൾ ബി ചാംപ്യൻമാരായി എത്തിയ ഓസീസിനെ അനായാസമായി തോൽപ്പിക്കുന്ന ചിത്രമാണ് നമ്മൾ കണ്ടത്. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് . പൂൾ എയിലെ അവസാന മത്സരത്തിൽ ബ്രിട്ടനും അയർലൻഡിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വാതിൽ തുറന്നത് . അർജൻ്റീനയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി