ഗിനിയിൽ തടഞ്ഞുവച്ച ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല; അറസ്റ്റിലായ മലയാളി ഓഫീസറെ തിരികെ കപ്പലിലെത്തിച്ചു

0
46

എക്വറ്റോറിയൽ ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുൻ കപ്പലിലെ മലയാളി ഓഫീസർ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല. അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ തിരികെ കപ്പലിൽ തന്നെ എത്തിച്ചു.

സനു ജോസിനൊപ്പം പിടിയിലായ മലയാളികളടക്കമുള്ള 15 ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞതായും ഇവരെ ഹോട്ടലിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടൽ തടവു കേന്ദ്രമാക്കിയാണ് ഇവരെ പാർപ്പിച്ചിക്കുന്നത്. 

സർക്കാർ ഇടപെടലിനെ തുടർന്നാണ് നൈജീരിയക്ക് കൈമാറുന്നത് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടതും കൈമാറ്റം തടയുന്നതിന് കാരണമായി. 

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ 26 പേരാണുള്ളത്. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഇഡുൻ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.

കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫീസർ അറസ്റ്റിലായത്. 

നൈജീരിയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

Leave a Reply