Pravasimalayaly

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവ വരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോർഡ് സംവിധാനത്തിന് പുറമേയാണിത്. കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്‌കോ, ഡി ഐ സി എന്നീ ഏജൻസികളുടെ കീഴിലുള്ള പാർക്കുകളിലെല്ലാം പുതിയ ബോർഡുകൾ നിലവിൽ വരും. വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ പ്രത്യേക വെബ് പോർട്ടലിന് രൂപം നൽകാനും തീരുമാനിച്ചു.
കെ.എസ്.ഐ.ഡി.സി യുടെ കീഴിലുള്ള ലൈഫ് സയൻസ് പാർക്ക് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബറോടെ തുടക്കമാവും. കണ്ണൂർ വലിയ വെളിച്ചം ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, കിൻഫ്ര ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിൽ നിക്ഷേപകർക്കായി പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തും. കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന് അനുബന്ധമായി ഫാർമ പാർക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു. സ്പൈസസ് പാർക്കിൽ സ്പൈസസ് ബോർഡുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ലാന്റ് ബാങ്കിന്റെ ഭാഗമായി കണ്ടെത്തിയ സ്ഥലങ്ങളിൽ വ്യവസായ സംരംഭകരെ ആകർഷിക്കാനുള്ള നടപടിയും സ്വീകരിക്കും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം, വ്യവസായ ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു

Exit mobile version