മഹാനഗരത്തിന്റെ ജീവിത യവനിക : കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നാടക വിഭാഗത്തില്‍ സംവിധായകനും അഭിനേതാവുമായ അജിത്ത് മണിയന്‍ നാടക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

0
149

ടീം പ്രവാസി മലയാളി-ന്യൂഡല്‍ഹി.

വൃക്ഷ് ദി തിയ്യേറ്ററിന്റെ സാരഥി അജിത്ത് മണിയന്‍

നാടക സംസ്‌കാരത്തെക്കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കൊയ്ത്തൊഴിഞ്ഞ പാടങ്ങളും, കപ്പ പറിച്ച പറമ്പുകളുമെല്ലാം നാടകത്തട്ടുകളായി മാറിയിരുന്നു ഒരു പൂര്‍വ്വകാലം മലയാളിക്കുണ്ട്. ഓരോ ഗ്രാമത്തിലും നാടകം നെഞ്ചിലേറ്റിയ കുറെ കലാകാരന്മാരും ഉണ്ടാകും. പകലന്തിയോളം പാടത്തും പറമ്പിലും ജോലി ചെയ്യുന്നവര്‍ എഴുതുന്നവരും, അഭിനേതാക്കളും, വാദ്യക്കാരുമെല്ലാമായി വെച്ചുകെട്ടിയ നാടകതട്ടില്‍ പരകായ പ്രവേശം ചെയ്ത് നിറഞ്ഞാടിയ ഒരു ഗതകാലം നമുക്കുണ്ടായിരുന്നു. ക്ഷേത്ര ഉത്സവങ്ങളും, പള്ളിപെരുന്നാളുകളും തങ്ങളുടെ നാട്ടുകാരായ കലാകാരന്മാരുടെ അരങ്ങേറ്റ വേദിയായി മറിയിരുന്നു ഒരിക്കല്‍. ടെലിവിഷന്‍ നാട്ടില്‍ സ്ഥാനം നേടുന്നതിന് മുമ്പ്, കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിന് നാടകങ്ങളും, കഥാപ്രസംഗവും, ഗാനമേളയുമെല്ലാം കൊഴുപ്പേകിയിരുന്നു. വീടിന്റെ സ്വീകരണമുറികളില്‍ ടെലിവിഷന്‍ സെറ്റുകള്‍ മുഖ്യസ്ഥാനം ഉറപ്പിച്ചപ്പോള്‍ മലയാളി ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ചുരുങ്ങി അങ്ങനെ നാടകത്തിന്റെ പ്രാമുഖ്യം നഷ്ടപ്പെട്ടു. സിനിമയുടെ വരവോടെ പെട്ടെന്നു നേടാവുന്ന പണവും പ്രശസ്തിയും മോഹിച്ച് പോയവരും ഒരു കാലത്ത് നാടക പ്രവര്‍ത്തകരായിരുന്നു.    

130 കോടി ജനങ്ങളുടെ തലസ്ഥാനമായ, എണ്ണമറ്റ രാജ്യങ്ങളിലെ സംസ്‌കാരങ്ങളുടെ സങ്കലനഭൂമിയായ രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് തനതായ ഒരു നാടക സംസ്‌കാരം ഉണ്ടെങ്കില്‍ അതില്‍ മലയാളിയുടെ വേഷം എന്താണ്. കേരളത്തില്‍ നിന്നും ജീവിതവൃത്തിക്കായി മഹാനഗരങ്ങളിലെത്തിയവരില്‍, നാടകത്തെ നെഞ്ചോട് ചേര്‍ത്തവരും ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമാസ നഗരങ്ങളിലൊന്നായ ഡല്‍ഹിയുടെ നാടക സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുകയാണ് ‘വൃക്ഷ് ദി തിയ്യേറ്റര്‍’ എന്ന നാടക കൂട്ടായ്മയുടെ മുഖ്യ സംഘാടകനും നടനും സംവിധായകനുമായ അജിത്ത് മണിയന്‍. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ നാടക വിഭാഗത്തില്‍ ജോലി ചെയ്യുന്നു അജിത്ത് മണിയന്‍.  

ഡോ അജിത് മണിയൻ കുടുംബത്തോടൊപ്പം

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..’ഡല്‍ഹിക്ക് തനതായ ഒരു നാടക സംസ്‌കാരം ഉണ്ട്, അത് മലയാളികള്‍ക്കിടയില്‍ അത്രപ്രചാരം നേടിയിട്ടില്ല. ഹിന്ദിക്കാര്‍ക്കിടയില്‍ ജീവത്തായ ഒരു നാടക സംസ്‌കാരം എന്നും ഉണ്ട്. മലയാളികളുടെ നാടക സംസ്‌കാരം എന്നാല്‍ പല സംഘടനകള്‍ നടത്തുന്ന നാടകങ്ങളാണ്. പലതും ഏതെങ്കിലും  സാംസ്‌കാരിക സംഘടനകളുടെ അല്ലെങ്കില്‍ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാര്‍ഷീകാഘോഷങ്ങള്‍ക്ക് നടത്തപ്പെടുന്നവയാണ്. പല പുരോഗമന സംഘടനകളും നാടകം ചെയ്യാറുണ്ട് അവയെല്ലാം അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ പ്രചാരണമായി ചുരുങ്ങിപ്പോകുന്നു. കലയും കലാകാരനും എക്കാലവും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അതീതമായിരിക്കണം എന്ന താല്പര്യത്തില്‍ നിന്നാണ് ‘വൃക്ഷ് ദി തിയ്യേറ്റര്‍ ‘എന്ന നാടക കളരിയുടെ ജനനം. ഒരു സംഘടനയും, ഒരു രാഷ്ട്രീയവും സ്വാധീനിക്കാതെ നാടകം ചെയ്യണം അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
കലയ്ക്കും സാഹിത്യത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും വലിയ പ്രചോദനം നല്‍കിയ വലിയ തട്ടകമാണ് ഡല്‍ഹി, അതില്‍ പ്രത്യേകിച്ച് മലയാളികളായ കലാകാരന്മാര്‍ക്കും, സാഹിത്യകാരന്മാര്‍ക്കും ഏറെ സംഭവാനകള്‍ നല്‍കിയതാണ് ഈ മഹാനഗരം. എന്നാല്‍ നാടകത്തെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം പ്രൊഫഷണല്‍ സമീപനത്തോടെ നാടകത്തെ കാണുന്നവര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍, മറുപടി സംശയകരമാണ്. കാരണം ജോലിത്തിരക്ക് കഴിഞ്ഞ് രാത്രി എട്ട് മണി മുതല്‍ പത്ത് മണിവരെ കല ആസ്വാദനത്തിനും മാനസീകോല്ലാസത്തിനും സമയം കണ്ടെത്തുന്നവരാണ് അവരില്‍ പലരും. പല നഗരങ്ങില്‍ നിന്നും ഉപജീവന മാര്‍ഗം തേടി ഡല്‍ഹിയിലെത്തുന്ന മലയാളികളുണ്ട്, ഏവരുടെയും ലക്ഷ്യം ഇത്രമാത്രം ജീവിതം കരുപ്പിടിപ്പിക്കണം. ജീവിതം വ്യഗ്രതകള്‍ക്കിടയില്‍ വീണുകിട്ടുന്ന അല്‍പസമയം മാത്രമാണ് അവര്‍ക്ക് കലയ്ക്കും സാഹിത്യത്തിനും സമര്‍പ്പിക്കാനുളളത്. അതായത് കലയും സാഹിത്യവും ഉള്ളില്‍ ഉള്ളവര്‍ക്ക് പോലും പ്രൊഫഷണലായി അതുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഒരു നാടകത്തിന് ആയുസ്സില്ല, കാരണം നിരന്തരം സാധകം ചെയ്യപ്പെടാത്ത ഒരു കലയും കലാസ്വാദനത്തിന് ഉപകരിക്കില്ല. ഇത് രണ്ട് തലത്തില്‍ നിന്നും ആലോചിച്ചാല്‍ ശരിയാണ്, നിരന്തരം  പരീശീലനമാണ് ഒരു നടനെ കഴിവുറ്റവനാക്കുന്നത്, അതുപോലെ തന്നെയാണ് കാഴ്ചക്കാരനും ധാരാളം നാടകം സ്ഥിരം കാണുന്നവഴി ആസ്വാദകന്റെ അഭിരുചിയും, ഗ്രാഹ്യപാടവവും എല്ലാം ഉയര്‍ന്നതാകും. അതായത് ഏതു കലയും വളരണമെങ്കില്‍ അതിന് സ്ഥായിയായ പരിപോഷണം വേണം. ആണ്ടുവട്ടത്തില്‍ പ്രത്യേക ഉദ്ദേശത്തോടെ ഒരു നാടകം തയ്യാറാക്കി അവതരിപ്പിക്കുന്നു, അതിനുശേഷം അത് മറവിയിലാണ്ടുപോകുന്നു, ഇതാണ് ഡല്‍ഹിയിലെ മലയാളികള്‍ക്കിടയിലെ നാടക സംസ്‌കാരം. ഈയൊരു പരിമിതിയില്‍ നിന്നും മോചിതരായി നാടകം ചെയ്യാനാണ് ഞാനും ആഗ്രഹിച്ചതെങ്കിലും അവിടെയും മേല്‍പ്പറഞ്ഞ സമയ പരിമിതി ഞങ്ങളെയും ബാധിച്ചു, കാരണം എല്ലാവരും ജോലിയുള്ളവരാണ്, അഭിനയിക്കുന്നവരും കാണികളുമെല്ലാം ഉപജീവനത്തിന്റെ വ്യഗ്രത പേറുന്നവരാണ്. നാടകം ജീവത്തായി നില്‍ക്കണം എന്ന് ആഗ്രഹിച്ചാണ് ‘നാടകശാല’ എന്ന ആശയം ഡല്‍ഹിയിലെ കേരള ക്ലബുമായി ചേര്‍ന്ന് ഞങ്ങള്‍ ആരംഭിച്ചത്. മാസത്തില്‍ ഒരു നാടകം നിര്‍മ്മിച്ച് കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. അത് ആര്‍ക്കുമാകാം, ആഭിനയം പഠിച്ചവര്‍ക്കും, പഠിക്കാത്തവര്‍ക്കും അഭിനയത്തെയും നാടകത്തെയും സ്നേഹിക്കുന്ന ആര്‍ക്കും ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് ഏകാംഗ നാടകമായും അവതരിപ്പിക്കാവുന്നതാണ്. അതായത് നാടകം മനസിലുള്ള ഒരാള്‍ക്ക് വേദിയുണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം.
പ്രഫഷണല്‍ നാടകം നടത്തി പണം കണ്ടെത്തി കലാപരമായ സൃഷ്ടികള്‍ ചെയ്യാന്‍ സാധിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്.
നാടകം ഒരിക്കലും ലാഭകരമായ ഒരു തൊഴിലോ ബസിനസ്സോ അല്ല. പിന്നെ വലിയ പണം മുടക്കി, സമയം പാഴാക്കി എന്തിനു നാടകം ചെയ്യുന്നു, എന്നു പലരും ചോദിക്കാറുണ്ട്. നാടകാഭിനയം മാത്രമാണ് അവരുടെ പ്രതിഫലം. അഭിനയം മനസ്സിന് തരുന്ന സായൂജ്യം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതും, അവര്‍ക്ക് ലഭിക്കുന്നതും. ഇവിടെ പരിഭവങ്ങള്‍ക്ക് പ്രസക്തിയില്ല, കാരണം കലയെ ഉപാസിക്കുന്നവന് ആ സായൂജ്യം മാത്രം മതി.

വൃക്ഷ് തിയ്യേറ്റര്‍ പരിചയപ്പെടുത്തിയ മൈക്രോ ഡ്രാമയില്‍ നിന്നും

ലാഭം കൊതിച്ച് വരുന്നവര്‍ നാടക രംഗത്തേക്ക് വരാറില്ല. ഇനി പ്രതിഫലം ലഭിച്ചാല്‍ക്കൂടി അതില്‍ക്കൂടുതല്‍ അവര്‍ക്ക് ചിലവായിട്ടുണ്ടാകും. നാടാകാസ്വാദകരായ ഒരു കൂട്ടം ആളുകള്‍ ഇവിടെയുണ്ട്, ആസ്വാദകരുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാനും കഴിയും, പ്രത്യേകിച്ച് ഗാനമോള, നാടകം എന്നിവയെല്ലാം നാട്ടില്‍ നിന്നുള്ള ട്രൂപ്പൂകളെ ക്ഷണിച്ച് വരുത്തി നടത്തുന്ന വന്‍ നഗരങ്ങളില്‍, ഈ കലയെ നന്നായി അവതരിപ്പിക്കുന്ന കലാകാരന്മാരെ കണ്ടെത്തി പരിശീലിപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. പത്തിലധികം അയ്യപ്പക്ഷേത്രങ്ങളും, ഇരുപതിലധികം സംഘടനകളും, ധാരാളം ക്രിസ്ത്യന്‍ പള്ളികളും ഡല്‍ഹിയിലുണ്ട് ഇവയെല്ലാം വര്‍ഷത്തില്‍ ഒന്നിലധികം പരിപാടികള്‍ നടത്താറുണ്ട്. സ്ഥിരമായ നാടക സമിതികള്‍ ഇവിടെ ഉണ്ടാകേണ്ടതാണ്. വേദി ലഭിച്ചാല്‍ ഇവിടെയുള്ള കലാകാരന്മാര്‍ക്ക് അത് പ്രയോജനപ്പെടും, മാത്രമല്ല കലാകാരന്മാര്‍ക്ക് അത് ചെറിയ സാമ്പത്തീക സഹായവുമാകും, അതായത് നാടകത്തിനായി അവരുടെ കൈയ്യില്‍ നിന്നും എന്തു മുടക്കുന്നോ അത് നികത്താന്‍ സാധിക്കും.  സംഗീത നാടക അക്കാഡമി എല്ലാവര്‍ഷവും പ്രവാസി നാടകോത്സവം നടത്താറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച നാടകങ്ങള്‍ക്കുള്ള അവാര്‍ഡ് ഡല്‍ഹി നാടക സമിതികളാണ് നേടുന്നത്. ഇത്തരത്തിലുള്ള നാടക പ്രചോദനം തീര്‍ച്ചയായും അഭിലഷണീയമാണ്.


നാട്ടിലെതുപോലെ പ്രവര്‍ത്തിക്കുന്ന ട്രൂപ്പാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കലാഭവന്‍ പ്രജിത്തിന്റെ ‘രംഗവേദി’.  ഞാനും അതില്‍ അഭിനയിക്കാറുണ്ട്, നാടകങ്ങള്‍ സംവിധാനം ചെയ്യാറുമുണ്ട്. ഇവിടെയും നാടകക്കാരന്‍ നേരിടുന്ന പ്രതിസന്ധി സാമ്പത്തീകം തന്നെയാണ്, മറ്റൊരു പ്രതിസന്ധി വേദികള്‍ ലഭിക്കാത്തതാണ്. ഡല്‍ഹിയിലെ സംഘാടകര്‍ ആഗ്രഹിക്കുന്നത് പുറത്തുനിന്നും പരിപാടി കൊണ്ടുവരനാണ്. സംഗീതനാടക അക്കാഡമിയില്‍ ഏറ്റവും നല്ല ഇരുപത് നാടകങ്ങളോട് മത്സരിച്ചാണ് പലപ്പോഴും ഡല്‍ഹിയിലെ നാടകങ്ങള്‍ സമ്മാനം നേടുന്നത്, എന്നാലും ഡല്‍ഹിയിലെ സംഘാടകര്‍ക്ക് വെളിയില്‍ നിന്നും വന്‍ തുക മുടക്കി നാടകക്കാരെ കൊണ്ടുവരാനാണ് താല്‍പര്യം. സംഗീത നാടക അക്കാഡമിയില്‍ കടുത്ത മത്സരം നടത്തി വിജയിച്ച നാടകങ്ങള്‍ക്ക് പോലും പിന്നീട് ഡല്‍ഹിയില്‍ വേദികിട്ടാറില്ല. ഇവിടെ നാടകം ചെയ്യുന്ന ഓരോരുത്തരെയും വിഷമിപ്പിക്കുന്ന കാര്യം തന്നെയാണത്.  വൃക്ഷ് തിയ്യേറ്ററിന്റെ ആദ്യത്തെ നാടകം വി.പി മേനോന്റെ ജീവിത കഥയായിരുന്നു. രാജ്യത്തെ 556 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍ദാര്‍ പട്ടേലിന്റെ വലം കൈയ്യായിരുന്നു വി.പി മേനോന്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ കേരള ക്ലബിന്റെ സ്ഥാപകന്‍ കൂടിയാണ്. കേരള ക്ലബ്ലിന്റെ സഹായത്തോടെ ആദ്യം അരങ്ങേറിയ നാടകം പിന്നീട് വമ്പിച്ച ജനാവലിയുടെ മുമ്പാകെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ (എന്‍.എസ്.ഡി) അരങ്ങേറി. വമ്പിച്ച ജനപിന്തുണ ലഭിച്ച നാടകമായിരുന്നു അത്. സിനിമയുടെ മായിക പ്രഭയില്‍ നാടകം എന്നകലാരൂപം അപ്രസക്തമായിപ്പോകുന്നു എന്ന് ആരോപിക്കാറുണ്ട്. സിനിമയും നാടകവും തമ്മില്‍ താരതമ്യം ഇല്ല. സിനിമ തീര്‍ച്ചയായും പെട്ടെന്ന് പണവും പ്രശ്തിയും എല്ലാം തരുന്ന വേറിട്ട ലോകമാണ്. സിനിമയില്‍ പണം മുടക്കുന്നയാള്‍ക്ക് താന്‍ മുടക്കുന്ന പണം നല്ല ലാഭത്തോടെ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് അത് ചെയ്യുന്നത്. നാടകം ഞാന്‍ പറഞ്ഞല്ലോ ഒരു പാഷനാണ്, മനസ്സിലെ അദമ്യമായ ഒരു മോഹം എന്നൊക്കെ പറയാവുന്ന ഒരു വികാരം, നാടക കലാകാരന് തന്റെ കഴിവിന്റെ സാക്ഷാത്കാരം മാത്രമാണ് പ്രതിഫലം. നാടകം ചെയ്യുന്നവര്‍ക്ക് കഷ്ടപ്പാട് തന്നെയാണ്.  

ഡല്‍ഹിയിലെ നാടക വേദികളെയും കലാകാരന്മാരെയും പറ്റി പറയുമ്പോള്‍ ചില പേരുകള്‍ പ്രതിപാദിക്കാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പ്രഫ. ഓം ചേരി എന്‍ എന്‍ പിള്ളയെപ്പോലുള്ള വ്യക്തികളെ.

പ്രൊഫ ഓം ചേരി

ഓം ചേരി എന്ന നാടകപ്രതിഭ ഇല്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയിലെ നാടക വേദികള്‍ എങ്ങനെയായിരുന്നേനെ എന്നു ഞാന്‍ ഓര്‍ത്തു പോകുകയാണ്. അത്രമാത്രം നാടകത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ നമുക്കില്ല. ഓംചേരി സാറിനെ പരിചയപ്പെടുത്തുന്നത് കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥാണ്. നാടകവുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും സഹായം നല്‍കുന്നവരാണ് ഇവര്‍
രണ്ടുപേരും. ഓംചേരി ഡല്‍ഹി മലയാളികളുടെ സാഹിത്യ കാരണവര്‍ മാത്രമല്ല, നാടക വേദികളുടെ തലതൊട്ടപ്പന്‍ കൂടിയാണ്.
കൂടാതെ സാമ്പത്തീക സഹായം ചെയ്തവരില്‍ പ്രധാനികളായ പണിക്കേഴ്സ് ട്രാവല്‍സിന്റെ ബാബു പണിക്കര്‍ എന്നിവരെയും മറക്കാനാവില്ല.

വൃക്ഷ് അവതരിപ്പിച്ച ഓം ചേരിയുടെ മൈക്രോ ഡ്രാമയില്‍ ഡോ.എ സമ്പത്ത്, ആനി രാജ എന്നിവര്‍

ആധുനീക സാങ്കേതീക സംവിധാനങ്ങളും വി.എഫ്.എക്സുകളുമെല്ലാം നാടകത്തിന്റെ ആസ്വാദികതയെ തീര്‍ച്ചയായും സഹായിക്കും. കഥ നടക്കുന്ന സ്ഥത്തെക്കും കാലത്തേയ്ക്കും പ്രേക്ഷകരെ എത്തിക്കാന്‍ രംഗസവിധാനത്തിനും പ്രകാശ സംവിധാനത്തിനും തീര്‍ച്ചയായും സാധിക്കും. പല നാടകങ്ങളും കഥ നടക്കുന്ന കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ടുപോകുന്ന അനുഭവം ഉണ്ടാക്കുന്നില്ലേ. സിനിമയെ വെല്ലുന്ന രംഗസജ്ജീകരണങ്ങളോടെ നടത്തിയ നാടകങ്ങളെ നമുക്കറിയാം. കേരളത്തിലെ കലാനിലയത്തിന്റെ നാടകങ്ങളായ കടമറ്റത്ത് കത്തനാര്‍, ഡ്രാക്കുള, രക്ത രക്ഷസ്സ്, നാരദന്‍ കേരളത്തില്‍ എന്നിവ ഉദാഹരണങ്ങളാണ്. കേരളത്തിലെ വന്‍കിട നാടക കമ്പനികളോട് തുല്യപ്പെടുത്താവുന്ന അല്ലെങ്കില്‍ മാജിക്കിന് തുല്യമായ ടെക്നിക്ക് രംഗ സംവിധാനങ്ങള്‍ ഉള്ളത് മണിപ്പൂരി നാടകങ്ങളിലാണ്. ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം പോലെ തീയും മഴയുമെല്ലാമായി കാണികളെ വിഭ്രമിപ്പിക്കുന്ന രംഗ സംവിധാനങ്ങളും കാണികള്‍ക്ക് നാടകത്തിന്റെ പുതിയ ദൃശ്യാനുഭവം നല്‍കുന്നതാണ്. ഒരു നല്ല പശ്ചാത്തലം ഒരുക്കുമ്പോള്‍ തന്നെ കാണികള്‍ നാടകത്തിത്തിലേക്ക് എത്തും. എന്നാല്‍ അനാവശ്യ ടെക്നിക്കുകളും ശബ്ദഘോഷങ്ങളും അഭിനയത്തെയും കഥാപാത്രങ്ങളെയും ഇല്ലാതാക്കുന്ന വിധത്തില്‍ ആകാനും പാടില്ല. നാടകത്തിന്റെ വിഷയവും സന്ദേശവും കാണികളിലെത്തിയില്ലെങ്കില്‍ നാടകം തീര്‍ച്ചയായും പരാജയപ്പെടും.

ഡല്‍ഹി ഡ്രാമ ഫെസ്റ്റിവല്‍ ഉദ്ഘാടനം പ്രഫ ഓം ചേരി, ഡോ അജിത്ത് മണിയന്‍, സംവിധായകന്‍ പ്രിയനന്ദന്‍ എന്നിവരെ കാണാം.

മൈക്രോ നാടകങ്ങള്‍, വൃക്ഷ് തിയ്യേറ്ററിന്റെ ഒരു കണ്ടുപിടുത്തം എന്നു വേണമെങ്കില്‍ പറയാം. 60 സെക്കന്റില്‍, അല്ലെങ്കില്‍ അതില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കഥ അവതരിപ്പിക്കുക. ലോക നാടകത്തില്‍ അതിനൊരു സ്ഥാനം ഉണ്ടായിക്കഴിഞ്ഞു. എല്ലാവരും തിക്കിട്ട ജീവിതത്തിലാണ്. നമ്മുടെ നാട്ടില്‍ മൂന്നു ദിവസം എടുത്ത് ചെയ്തിരുന്ന കഥകളി ഇന്ന് 20 മിനുട്ട് കൊണ്ട് നടത്തി തീര്‍ക്കുന്നു. സമയത്തെ തോല്‍പ്പിക്കാന്‍  നെട്ടോട്ടമോടുന്ന ലോകത്ത് ഇനി എല്ലാം വളരെ വേഗത്തിലാണ്. കേരളത്തിലെ സിനിമ-നാടക സംവിധായകനായ പ്രകാശ് വാടിക്കല്‍ ആണ് മൈക്രോ നാടകത്തിന്റെ പ്രസ്‌കതിയെപ്പറ്റി പറയുന്നത്. അദ്ദേഹം ചോദിച്ചു എന്തിനാണ് 2-3 മണിക്കൂറുള്ള നാടകം 15-20 മിനിട്ടുള്ള നാടകം എന്തുകൊണ്ടായിക്കൂട, തമാശയായി പറഞ്ഞ ഈ വാക്കില്‍ നിന്നാണ് മൈക്രോ ഡ്രാമ എന്ന ചിന്തയിലേക്ക് ഞങ്ങള്‍ തിരിയുന്നത്. ലോകത്താദ്യമായി മൈക്രോ ഡ്രാമകള്‍ നടത്തപ്പെട്ടത് ഓസ്ട്രേലിയയിലാണ്. ഇന്ത്യയില്‍ ആദ്യമായി മൈക്രോ ഡ്രാമയുടെ ഒരു ദേശീയ ഫെസ്റ്റിവല്‍ ഡല്‍ഹിയില്‍ നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 11 ഭാഷകളില്‍ നിന്നായി 25 നാടകങ്ങള്‍ അന്ന് അരങ്ങിലെത്തി. 15 മിനിറ്റില്‍ എന്ത് നാടകം അവതരിപ്പിക്കാം എന്നു ചോദിച്ചവരുടെ മുന്നില്‍ ഉദ്ഘാടന നാടകം 32 സെക്കന്റിലാണ് അവതരിപ്പിച്ചത്. നിമിഷാര്‍ത്ഥത്തില്‍ നിറം മാറുന്ന ലോകത്തെയും കാണികളെയും നോക്കി പുഛത്തോടെ തന്റെ പുറം തോല്‍ ചീന്തിയെറിഞ്ഞ് ഓടി മറയുന്ന ഓന്തായിരുന്നു ആദ്യനാടകത്തിന്റെ പ്രമേയം. ആ നാടകം വെറും 32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നാടകം കാണികള്‍ കൈയ്യടിയോടെ സ്വീകരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി വൃക്ഷ് ദി തിയ്യേറ്റര്‍ മൈക്രോ ഡ്രാമ മത്സരം നടത്തിവരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോലും നാടകങ്ങള്‍ പങ്കെടുക്കാനെത്താറുണ്ട്.

വൃക്ഷ് നാടക തിയ്യേറ്റര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്ന സിനിമ നടന്‍ മധു, പ്രഫ ഓം ചേരി എന്‍ എന്‍ പിള്ള, അന്തരിച്ച റേഡിയോ വാര്‍ത്ത അവതാരകന്‍ ഗോപന്‍.

ഡല്‍ഹിയുടെ സാഹിത്യ കാരണവരും നാടകകൃത്തുമായ പ്രഫ.ഓം ചേരി എന്‍ എന്‍ പിള്ള, ഡോ.പ്രവീണ്‍, ഡോ.സാംകുട്ടി പട്ടംകരി, കലാഭവന്‍ പ്രജിത്ത്, ടി എസ് സോമന്‍, ഷാനു അരുണ്‍ അങ്ങനെ കുറെ ഏറെ പ്രതിഭകളുണ്ട് ഡല്‍ഹിയുടെ നാടക അരങ്ങിനെ സജീവമാക്കാന്‍.  

കണ്ണൂര്‍ സ്വദേശിയാണ് അജിത് മണിയന്‍ ഭാര്യ സംഗീത നര്‍ത്തകിയാണ്. ഭാര്യയും ഭര്‍ത്താവും കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ നാടക -നൃത്ത കലാകാരന്മാരായി പ്രവര്‍ത്തിക്കുന്നു. അവരെപ്പോലെ വേറെയും ധാരാളം നാടക കലാകാരന്മാര്‍ ഡല്‍ഹിയിലുണ്ട്, അധികമൊന്നും അറിയപ്പെടാത്തവര്‍ അവരെ സംബന്ധിച്ച് കലതന്നെയാണ് ജീവിതവും.
———————————

Leave a Reply