ഒരു ദൃശ്യം ആയിരം വാക്കുകളെ സംവദിക്കുന്നു എന്നാണ് ചൊല്ല്. ആയിരം വാക്കുകള്‍ പറഞ്ഞില്ലെങ്കിലും ഓരോ ചിത്രവും നമ്മോട് എന്തെക്കെയോ പറയുന്നുണ്ട. പേരു സൂചിപ്പിക്കുംp പോലെ ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ ചിത്രങ്ങള്‍. കേരളത്തിലെ ഒരുള്‍ നാടന്‍ ഗ്രാമത്തില്‍ ജനിച്ച ജോണ്‍ മാത്യു. പത്രഫോട്ടാഗ്രാഫറാകണം എന്ന ആഗ്രത്തോടെ 1993 നവംബര്‍ 27-ന് കേരള എക്‌സപ്രസില്‍ കയറുമ്പോള്‍ ഓര്‍ത്തില്ല സ്വപ്‌നങ്ങള്‍ പേറിയുള്ള ജീവിതയാത്ര നീണ്ട കഠിനയാത്രയാകുമെന്ന്. പുരാണങ്ങളും ഇതിഹാസങ്ങളും
വാഴ്ത്തിയ ഇന്ദ്രപ്രസ്ഥം എന്ന ഈ നഗരത്തിലെ ജീവിതത്തിന്റെ വൈജാത്യങ്ങള്‍ നേരില്‍ കണ്ടപ്പോള്‍, അനുഭവിച്ചപ്പോള്‍ ഫോട്ടോ ജേര്‍ണലിസ്റ്റാകാന്‍ ചെയ്ത 9 വര്‍ഷത്തെ ജീവിത സമരം അത്രയൊന്നും പ്രാധാന്യമര്‍ഹിക്കുന്നതല്ലെന്ന് ബോധ്യമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഏതു വേദനയും സുഖദമായ ഓര്‍മ്മയാക്കുന്നു കാലം എന്ന മാന്ത്രികന്‍. കവി വചനം സത്യമാണ് വേദന നിറഞ്ഞ ഓര്‍മ്മകളും കാലാന്തരത്തില്‍ സായാന്തന പോക്കുവെയിലിന്റെ ചാരുതയുണ്ട്.
ഉപജീവനത്തിനായി ഈ നഗരത്തിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല, കാരണം, ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥം ചരിത്രപുസ്തകത്തില്‍ വായിച്ച, കാലത്തിന്റെ കുളമ്പടിയൊന്ന നിലയ്ക്കാത്ത നഗരം. ആര്യന്മാര്‍, മുഗളന്മാര്‍, അഫ്ഗാനികള്‍, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളായ ബ്രിട്ടീഷുകാര്‍. ഈ മഹാ നഗരത്തിലെ ഓരോ ഗലികള്‍ക്കും പറഞ്ഞാല്‍ തീരാത്ത കഥകളുണ്ട്.
കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് സ്‌കൂളില്‍ പഠിക്കുന്ന കാലം വിഖ്യാതനായ ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ ഭോപ്പാല്‍ ദുരന്തത്തില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ മണ്ണില്‍ പാതി മറഞ്ഞ മുഖത്തിന്റെ ചിത്രമാണ് എന്നെ ക്യാമറ കയ്യിലെടുക്കാന്‍ ജോണിനെ പ്രേരിപ്പിച്ചത്.
ഡല്‍ഹിയിലെത്തുമെന്നോ ഒരിക്കല്‍ രഘു റായിക്കൊപ്പം നിന്ന് ഞാനും ചിത്രങ്ങളെടുക്കുമോന്നോ അന്നു കരുതിയില്ല. ഡല്‍ഹിയില്‍ പിന്നീട് പലപ്പോഴും രഘുറായിക്കൊപ്പം നിന്ന് ഞാനും പടമെടുത്തിട്ടുണ്ട്. അത് വിധിയെന്നോ ദൈവ നിശ്ചയം എന്നോ പറയാം. ദീപികയ്ക്ക് വേണ്ടി രഘു റായിയെ അഭിമുഖം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. ഞാന്‍ എടുത്ത കുറെ ബ്ലാക്ക് ആന്റെ് വൈറ്റ് ചിത്രങ്ങള്‍ കാണിക്കാന്‍ തൊഴില്‍ അന്വേഷിച്ച് നടന്ന കാലത്ത് ഞാന്‍ റായിയെ കാണാന്‍പോയി. ‘കൊള്ളാം, നല്ലപടങ്ങള്‍ തന്നെ പക്ഷേ ഇതുപോര കൂടുതല്‍ നന്നാകണം, ജോണ്‍, ജീവിതത്തില്‍ ഒന്നും വെറുതെ സംഭവിക്കില്ല, കഠിനാദ്ധ്വാനം ചെയ്യണം.’
പൊതുവെ അല്‍പം മടിയനായ എന്റെ ചിത്രങ്ങള്‍ കണ്ടശേഷം റായി പറഞ്ഞ വാക്കുകള്‍, ജീവിതത്തില്‍ ഒന്നും വെറുതെ സംഭവിക്കില്ല ആ വാക്കുകള്‍ക്ക് വലിയ വിലയുണ്ടെന്ന് പില്‍ക്കാലത്ത് മനസ്സിലായി. റായിയുടെ വിലയിരുത്തല്‍ ശരിയായിരുന്നു, നല്ലൊരുപദേശവുമായിരുന്നു, നിറമുള്ള ജീവിതത്തെ സ്വപ്‌നം കണ്ടാല്‍ മാത്രം പോര, അവ നേടിയെടുക്കാനുള്ള കഠിന പരിശ്രമവും വേണം.