കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഏപ്രില്‍ 15ന് അവസാനിച്ചു. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ എഡിജിപി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.
മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രില്‍ 15ന് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഇത്.
എന്നാല്‍ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇത്. സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. അതിനിടയില്‍ അന്വേഷണത്തിന്റെ ഭാഗമായി ഹാക്കര്‍ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.