Pravasimalayaly

IPL ൽ നാണക്കേടിന്റെ റെക്കോർഡ് രോഹിത് ശർമ്മക്ക് സ്വന്തം

ഐ.പി.എല്ലില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ കഷ്ടകാലം വിടാതെ പിന്തുടരുകയാണ്. ടീം മികച്ച പ്രകടനത്തോടെ ഫൈനല്‍ ഉറപ്പിച്ചെങ്കിലും, അതില്‍ നായകനെന്ന നിലയില്‍ രോഹിത്തിന് മികച്ച സംഭാവനകള്‍ നല്‍കാനിയിട്ടില്ല എന്നാതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ആരും ആഗ്രഹിക്കാത്ത ഒരു നാണംകെട്ട റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്തായ താരമെന്ന റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്. 13 തവണയാണ് രോഹിത് സംപൂജ്യനായി പുറത്തായത്. ഹര്‍ഭജന്‍ സിംഗും പാര്‍ഥിവ് പട്ടേലുമാണ് ഈ റെക്കോഡില്‍ രോഹിത്തിനൊപ്പമുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായതോടെയാണ് നാണംകെട്ട റെക്കോഡിനൊപ്പം രോഹിത്തും ഇടംപിടിച്ചത്. ഇതോടൊപ്പം കൂടുതല്‍ തവണ ഡക്കായ ക്യാപ്റ്റനെന്ന റെക്കോഡും രോഹിത്തിന്റെ പേരിലായി.

പിയൂഷ് ചൗള, മനീഷ് പാണ്ഡെ, അംബാട്ടി റായുഡു, ഗൗതം ഗംഭീര്‍ എന്നിവര്‍ പന്ത്രണ്ട് തവണ ഡക്ക് ആയിട്ടുണ്ട്. ഡല്‍ഹി കാപ്പിറ്റല്‍സിന്റെ മധ്യനിരബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനെ പതിനൊന്ന് തവണയാണ് ഡക്ക് ആയത്. അമിത് മിശ്ര, മന്ദീപ് എന്നിവര്‍ പത്ത് തവണ ഡക്ക് ആയി.

ഇന്നലെ നടന്ന ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ 57 റണ്‍സിനാണ് മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. 201 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ 143 അവസാനിച്ചു. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം ഒന്‍പത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version