രണ്ട് തവണ വഴുതിപ്പോയ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ ഇറങ്ങും. ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് കൊമ്പൻമാർ നേരിടുന്നത്. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
ബ്ലാസ്റ്റേഴ്സിനെ ഗോളടിച്ചും അടിപ്പിച്ചും മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അന്തിമ ഇലവനിൽ ഇടംപിടിച്ചത് ആരാധകർക്ക് ആശ്വാസം പകരുന്നു. മലയാളി താരം സഹൽ ടീമിലില്ല. പകരക്കാരുടെ നിരയിലും സഹലിന് ഇടമില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം മറ്റൊരു മലയാളി താരം രാഹുൽ കെപി അന്തിമ ഇലവനിൽ ഇടംപിടിച്ചു.
സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തി.