കലാശപ്പോരാട്ടം; ഐ.എസ്.എൽ സൂപ്പർ ഫൈനൽ ഇന്ന്

0
460

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കിരീടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ്‌ എഫ്‌.സിയും ഇന്ന് നേർക്കുനേർ. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 നാണ്‌ കലാശപ്പോരാട്ടം. കപ്പിൽ ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഫൈനലിൽ കാണികൾക്ക് പ്രവേശനമുണ്ട്.

ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയാണ്. ഹൈദരാബാദിന്‌ കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി. പക്ഷേ ഇന്ന് ഇറങ്ങുന്നത് ചില്ലറ ടീമല്ല. ഹൈദരാബാദിനെ ഉറക്കാൻ കഴിവുള്ള യുവനിരയാണ് നമുക്കുള്ളത്.

മലയാളി താരം കെ.പി. രാഹുല്‍, ജീക്‌സണ്‍ സിങ്‌, സഞ്‌ജീവ്‌ സ്‌റ്റാലിന്‍, എട്ടാം സീസണിലെ മികച്ച ഗോള്‍ കീപ്പറായ പ്രഭുസുഖന്‍ സിങ്‌ ഗില്‍, ആയുഷ്‌ അധികാരി, റൂയിവ ഹോര്‍മിപാം എന്നിവര്‍ ധാരാളം. ഇവാൻ വുകോമനോവിചിന്റെ ശിക്ഷണം കൂടി കലരുമ്പോൾ കേരളത്തിന്റെ കരുത്ത് ഏറും. ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.

Leave a Reply