വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള പോര് വീണ്ടും തലപൊക്കിയതോടെ ഒറ്റ രാത്രിയില്‍ കൊല്ലപ്പെട്ടത് 40 പേര്‍. ഗാസയില്‍ 35 പേരും ഇസ്രായേലില്‍ അഞ്ചു പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടുകൂട്ടരും തമ്മില്‍ വ്യോമാക്രമണം നടക്കുന്നത്. ബുധനാഴ്ച ഗാസയ്ക്ക് മേല്‍ വന്‍ വ്യോമാക്രമണമായിരുന്നു ഇസ്രായേല്‍ നടത്തിയത് ടെല്‍ അവീവിലേക്കും ബീര്‍ഷേബയിലും പാലസ്തീനും ഇസ്‌ളാമിക ഗ്രൂപ്പുകളും റോക്കറ്റ് ആക്രമണവും നടത്തി. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഒരു വലിയ കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ന്നു. മറ്റൊന്നിന് സാരമായ കേടുപാടുകള്‍ പറ്റി. വ്യോമാക്രമണത്തില്‍ ഹമാസിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ അനേകം നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറഞ്ഞു.
ഗാസയില്‍ 2014 ന് ശേഷം ഹമാസും ഇസ്രായേലും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു ഇത്. മേഖലയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതില്‍ അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. വലിയൊരു യുദ്ധത്തിലേക്ക് പോകാനുള്ള സാഹചര്യം നില നില്‍ക്കുന്നതിനാല്‍ വെടിവെയ്പ്പ് അടിയന്തിരമായി അവസാനിപ്പിക്കണമെന്നു യുഎന്നിന്റെ മദ്ധ്യേഷ്യന്‍ പ്രതിനിധി ടോര്‍ വാന്നിസ്ലാന്‍ഡ് ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധം ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുമെന്നും സാധാരണ ജനങ്ങളാണ് അതിന്റെ ഫലം ഏറ്റുവാങ്ങുകയെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ സമയത്ത് ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ വീടുകള്‍ കുലുങ്ങിയെന്നും ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നെന്നും ഗാസക്കാര്‍ പറയുന്നു.
ആകാശത്ത് മിസൈലുകളും സ്‌ഫോടനങ്ങളും തുടങ്ങിയപ്പോള്‍ തന്നെ ഇസ്രായേലികള്‍ ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ചു. അറബ് – ഇസ്രായേലി വംശജര്‍ സംയുക്തമായി കഴിയുന്ന ടെല്‍ അവീവിന് സമീപത്തെ ലോഡില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനത്തില്‍ റോക്കറ്റ് വന്നു പതിച്ചതിനെ തുടര്‍ന്ന് ഒരു ഏഴു വയസ്സുകാരി ഉള്‍പ്പെടെയുള്ളവരാണ് മരണമടഞ്ഞതെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസാ നഗരത്തിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പ്രതികാരമായി ബെര്‍ഷേബയിലേക്കും ടെല്‍ അവീവിലേക്കുമായി 210 റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്.
മുസ്‌ളീങ്ങളുടെ റംസാന്‍വ്രതകാലത്ത ജറുസലേമില്‍ ആഴ്ചകള്‍ നീണ്ട സംഘര്‍ഷമാണ് വ്യോമാക്രമണത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇസ്രായേലി പോലീസും പാലസ്തീന്‍ പ്രതിഷേധക്കാരും തമ്മില്‍ അല്‍ അഖ്‌സാ മോസ്‌ക്കിന് സമീപത്ത് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. കിഴക്കന്‍ ജറുസലേമില്‍ നിന്നും പാലസ്തീന്‍ കുടുംബങ്ങളെ ജൂതര്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി മാറ്റി വെച്ചിരുന്ന കേസ് വിചാരണ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഹെബ്രോ നഗരത്തിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ കല്ലേറില്‍ ഇസ്രായേല്‍ നടത്തിയ വെടിവെയ്പ്പില്‍ 26 കാരന്‍ കൊല്ലപ്പെട്ടത് വെസ്റ്റബാങ്കില്‍ അക്രമത്തിന് കാരണമായി മാറിയിരുന്നു.
അതേസമയം യുദ്ധം ഉടന്‍ അവസാനിക്കുന്നതിന്റെ ലക്ഷണമില്ല. കിഴക്കന്‍ ജറുസലേം 1967 യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തതിന്റെ ഓര്‍മ്മദിനമായ തിങ്കളാഴ്ച അവധിയാഘോഷത്തിനിടയില്‍ ജറുസലേമിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പ്രതിയോഗികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.