Pravasimalayaly

കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആഞ്ഞടിച്ച് ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആഞ്ഞടിച്ച് ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടിയെ പേടിച്ചാണ് ആരും മിണ്ടാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. തങ്ങള്‍ നേരിടുന്ന അസുഖങ്ങള്‍ക്ക് കാരണം ചന്ദ്രികയിലെ ഇപ്പോഴത്തെ വിഷയങ്ങളാണെന്നും മുഈനലി പറഞ്ഞു. മുസ്ലിം ലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ ചന്ദ്രികയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഈനലി തങ്ങള്‍ തുറന്നടിച്ചത്.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരില്‍ ഒരാള്‍ തങ്ങള്‍ക്കെതിരെ ആക്രോശവുമായി തിരിഞ്ഞു. തങ്ങളെ ‘എടാ’ എന്ന് അഭിസംബോധന ചെയ്ത് ഇയാള്‍ ക്ഷുഭിതനായതോടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെട്ടു. ഇതിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ തന്നെ തങ്ങളെ വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി പാര്‍ട്ടി ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ഇലക്ഷന്‍ ഉള്‍പ്പെടെ എല്ലാ ഫണ്ടുകളും കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. പാണക്കാട് കുടുംബത്തില്‍ ആരും പണം കൈകാര്യം ചെയ്യാറില്ല. പരിശുദ്ധി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഫണ്ട് കൈകാര്യങ്ങളില്‍ ഇടപെടാത്തത്.

എന്നാല്‍ ചന്ദ്രികയിലെ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ഫിനാന്‍സ് ഡയറക്ടറായ ഷമീറായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഷമീര്‍. ഷമീറിനെ കുഞ്ഞാലിക്കുട്ടി അന്ധമായി വിശ്വസിച്ചു. ചന്ദ്രികയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ഷമീറിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഷമീറിനെതിരെ നടപടി സ്വീകരിക്കണമായിരുന്നു. പാര്‍ട്ടി യുടേണ്‍ എടുക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മുഈന്‍ അലി തങ്ങൾ തുറന്നുപറഞ്ഞു. ചന്ദ്രികയിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മദര്‍ദത്തിലാണ്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല. തങ്ങള്‍ നേരിടുന്ന അസുഖങ്ങള്‍ക്ക് കാരണം ചന്ദ്രികയിലെ ഇപ്പോഴത്തെ വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version