തിരുവനന്തപുരം : സഹകരണ ബാങ്കില്‍ മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും കോടികളുടെ നിക്ഷേപമുണ്ടെന്നും ഇതു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നുള്ള കെ.ടി.ജലീല്‍ എംഎല്‍എയുടെ ആവശ്യത്തിനു ചെവികൊടുക്കാതെ സിപിഎം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ സംസ്ഥാനത്തു വകുപ്പു തലത്തില്‍ തന്നെ സംവിധാനമുള്ളപ്പോള്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം. ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്റെ നടപടിയില്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഇന്നലെ അതൃപ്തിയും അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായാണു പ്രവര്‍ത്തിക്കുന്നൂവെന്ന ആക്ഷേപമാണു സിപിഎമ്മിനുള്ളത്. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണു ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ സിപിഎം എതിര്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയാണെങ്കില്‍ പോലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്യുന്നതു തിരിച്ചടിയാകുമെന്നു കണ്ടാണു കെ.ടി.ജലീലിനു സിപിഎം കൈകൊടുക്കാത്തത്. സഹകരണ മേഖലയിലെ സാമ്പത്തികമായ പരാതി ഇഡി അന്വേഷിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു സര്‍ക്കാരിനു സിപിഎമ്മിനും അറിയാം. അതുകൊണ്ടാണു പ്രതിഭാഗത്തു പി.കെ.കുഞ്ഞാലിക്കുട്ടിയാണെങ്കിലും അന്വേഷണത്തിന് ഇഡി വേണ്ടായെന്നു സിപിഎം പറയാതെ പറയുന്നത്.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം പ്രഖ്യാപിത സമരത്തിലാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച കെ.ടി.ജലീല്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടതു പാര്‍ട്ടി നയത്തിനു തന്നെ എതിരാണ്. സംസ്ഥാനത്തു സിപിഎമ്മിനു വലിയ സ്വാധീനമുള്ള മേഖലയാണു സഹകരണ പ്രസ്ഥാനം. അവിടേയ്ക്കു കൂടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്തിയാല്‍ അതു രാഷ്ട്രീയമായി ദോഷമാകുമെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. ഈ കാരണം കൊണ്ടു മാത്രമാണു തന്റെ അതിവിശ്വസ്തനായിട്ടും കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനു തള്ളിപ്പറയേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണു പാര്‍ട്ടിക്കും ഉള്ളതെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും ആവര്‍ത്തിച്ചത്. സഹകരണ മന്ത്രി വി.എന്‍.വാസവനും ജലീലിനെ തള്ളിപ്പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ കെ.ടി.ജലീലിനു കുഞ്ഞാലിക്കുട്ടിക്കെതിരെയാണെങ്കില്‍ പോലും ഇഡി കാര്യത്തില്‍ സിപിഎം പിന്തുണ ലഭിക്കില്ല.വിഷയം ഇപ്പോള്‍ ബിജെപി ഏറ്റെടുത്തിട്ടുണ്ട്. ലാവ്്‌ലിന്‍ കേസില്‍ പിണറായി വിജയനെ പി.കെ.കുഞ്ഞാലിക്കുട്ടി സഹായിച്ചതുകൊണ്ടാണു ജലീലിനെതിരെ സിപിഎം തിരിഞ്ഞിരിക്കുന്നതെന്നാണു ബിജെപി ആരോപിക്കുന്നത്.