ജപ്പാനിൽ പെൺകുട്ടികൾ പോണിടെയിൽ കെട്ടുന്നതിന് വിലക്കേർപ്പെടുത്തി സ്‌കൂൾ അധികൃതർ. പോണിടെയിൽ കെട്ടുന്നത് കഴുത്തിന്റെ പിൻഭാഗം കാണുന്നതിന് കാരണമാകുമെന്നും ഇത് ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. സ്‌കൂൾ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് ചില സ്‌കൂളുകൾ വിലക്ക് പിൻവലിച്ചതായാണ് റിപ്പോർട്ട്.
വിചിത്രമായ പല നിയമങ്ങളും ജപ്പാനീസ് സ്‌കൂളുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ ജപ്പാനിലെ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികൾ നിലനിൽക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർത്ഥികൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് അടുത്തിടെ പിൻവലിച്ചിരുന്നു.
കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്ക് വസ്ത്രം മാറുമ്പോൾ സ്കൂളിലെ പ്രത്യേകമായി നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്‌ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.