രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് തിരികെയെത്തുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ജെഡിയു. അതെല്ലാം അയാളുടെ ബിസിനസ് മാർക്കറ്റിംഗിന്റെ ഭാഗമാണ് എന്നാണ് ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിംഗ് പ്രതികരിച്ചത്. കുറച്ചുകാലമായി പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജീവ് രഞ്ജൻ സിംഗിന്റെ പ്രതികരണം. അയാൾ മാധ്യമങ്ങൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കുകയാണ്. ഇതൊക്കെ ബിജെപിക്ക് ബിഹാറിൽ ചുവടുറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ്. പൊതുജന സ്വീകാര്യത ആ പാർട്ടിക്ക് കിട്ടാത്തതുകൊണ്ട് ഇങ്ങനെയൊക്കെ വേണ്ടിവരുമല്ലോ. രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസം ബിജെപി ബന്ധം നിതീഷ് കുമാറും ജെഡിയുവും അവസാനിപ്പിച്ചിരുന്നു. 2020ൽ പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്ന് പുറത്താക്കിയതാണ്.
പുതിയ രാഷ്ട്രീയസാഹചര്യം ഉരുത്തിരിഞ്ഞതോടെ നിതീഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രശാന്ത് കിഷോറാണെന്ന് രാജീവ് രഞ്ജൻ സിംഗ് പറയുന്നു.