കാഞ്ഞിരപ്പള്ളി
സമഭാവന, സാഹോദര്യം, വിജ്ഞാനം, വിവേകം തുടങ്ങി നന്മയുടെ എല്ലാ നല്ല പാഠങ്ങളും പകർന്നു നൽകി തലമുറകളെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തികളാണ് അദ്ധ്യാപകർ എന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ അഭിപ്രായപ്പെട്ടു.
ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങളടക്കം അദ്ധ്യാപന രംഗത്ത് നിരവധി അവാർഡുകൾ നേടിയ റിട്ട. പ്രിൻസിപ്പാൾ ആൻസമ്മ തോമസിനെ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ആദരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ജെസ്സി ഷാജൻ.
മെഴുകുതിരികളെപ്പോലെ ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന അദ്ധ്യാപകർ സമൂഹത്തിന്റെ സാംസ്ക്കാരിക വളർച്ചയിലെ അവിഭാജ്യ ഘടകമാണ്. ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്നും ഓൺലൈൻ സംവിധാനത്തിലേക്ക് അദ്ധ്യാപനം മാറിയെങ്കിലും ഗുരുക്കന്മാരുടെ പ്രസക്തിയും പ്രാധാന്യവും തെല്ലും കുറഞ്ഞിട്ടില്ല വർദ്ധിച്ചിട്ടേയുള്ളു എന്നും ജെസ്സി ഷാജൻ അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷാജി പുതിയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ്, മനോജ് മറ്റമുണ്ടയിൽ, ജോബി തെക്കുംചേരിക്കുന്നേൽ, പ്രിൻസ് ചാക്കോ തോട്ടത്തിൽ, കെ എം മാത്യു മടുക്കകുഴി എന്നിവർ പ്രസംഗിച്ചു. ആൻസമ്മ തോമസ് നന്ദി രേഖപ്പെടുത്തി