ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കശ്മീർ കോൺ​ഗ്രസിൽ കൂട്ടരാജി

0
34

ശ്രീന​ഗർ: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജി വച്ചതിന് പിന്നാലെ കോൺ​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കശ്മീർ കോൺഗ്രസിൽ കൂട്ടരാജി. കശ്മീരിലെ അഞ്ച് മുതിർന്ന നേതാക്കളാണു ആസാദിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ചത്. 

നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജിഎം സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു രാജിവച്ചത്. ഇവർ ഡൽഹിയിൽ ആസാദിനെ സന്ദർശിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് നേരത്തെ ​ഗുലാം നബി ആസാദ് രാജിവച്ചത്. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്തു നൽകിയാണ് ആസാദ് പാർട്ടി വിട്ടത്. 

കോൺഗ്രസ് പാർട്ടിയുമായി വർഷങ്ങളായുള്ള ആത്മബന്ധവും ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പവും കത്തിൽ പരാമർശിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനവും ഉന്നയിച്ചു. 

ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു നേരത്തെ അദ്ദേഹം രാജിവച്ചിരുന്നു. പിന്നാലെയാണ് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അദ്ദേഹം അവസാനിപ്പിച്ചത്. മുൻ കേന്ദ്ര മന്ത്രിയായിരുന്ന ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്നു. 

Leave a Reply