Pravasimalayaly

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph) വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അരൂക്കുറ്റി സ്വദേശി നൗഫൽ, നസീർ എന്നിവരാണ് പിടിയിലായത്. നൗഫലിന് നസീറാണ് വീഡിയോ കൈമാറിയത്. നൗഫൽ പിന്നീട് ഇന്ന് അറസ്റ്റിലായ അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയെന്നും പൊലീസ് പറയുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്നും തൃക്കാക്കര പൊലീസ് പറഞ്ഞു.

രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടി എന്ന വിവരമാണ് പുറത്തുവന്നത്. ഇയാളാണ് വീഡിയോ അപ്ലോഡ് ചെയ്തത്. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി.

എന്നാല്‍ മുസ്ലീം ലീഗ് ഇത് നിഷേധിച്ചു. അബ്ജുൾ ലത്തീഫിനെ കണ്ടിട്ട് പോലുമില്ലെന്നാണ് കോട്ടക്കലിലെ ലീഗ് നേതാക്കൾ പറഞ്ഞത്. ഇലക്ഷൻ തോൽക്കുമെന്ന് ഭയന്നാണ് ഇത്രയും നികൃഷ്ടമായ പ്രവർത്തിയെന്ന് ലീഗ് ബന്ധം ഉയർത്തിക്കാർട്ടി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. നടന്നുകൊണ്ടിരിക്കുന്നത് സിപിഎം- പൊലീസ് നാടകമാണെന്ന് വിഡി സതീശൻ തിരിച്ചടിച്ചു.

അബ്ദുൾ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ തന്നെ കിട്ടിയെന്നാണ് കൊച്ചി പൊലീസ് വ്യക്തമാക്കുന്നത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച് ട്വിറ്ററിന്‍റെയും ഫേസ്ബുക്കിന്‍റെയും വിവരങ്ങൾക്കായിരുന്നു കാത്തിരിപ്പ്. ട്വിറ്റർ ഔദ്യോഗികമായി വിവരങ്ങൾ കൈമാറിയതോടെയാണ് അബ്ജുൾ ലത്തീഫിനെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. 

Exit mobile version